സഖ്യങ്ങളുടെ, വിലപേശലിന്റെകലയാണ് രാഷ്ട്രീയം: സി ദാവൂദ് എഴുതുന്നു
തങ്ങള്‍ക്ക് നിവര്‍ത്തിച്ചുകിട്ടേണ്ട ആവശ്യങ്ങളുണ്ട്, അല്ലെങ്കില്‍ തങ്ങള്‍ അനീതി അനുഭവിക്കുന്നുണ്ട്, പ്രസ്തുത അനീതി അവസാനിക്കേണ്ടതുണ്ട് തുടങ്ങിയ ആവശ്യങ്ങളുടെ പുറത്താണ് രാഷ്ട്രീയ മുന്‍കൈകള്‍ രൂപപ്പെടുന്നത്. അപ്പോള്‍ മുസ്‌ലിംകളില്‍നിന്ന് ഒരു രാഷ്ട്രീയ മുന്നേറ്റം ഉണ്ടാവണമെങ്കില്‍ ആവശ്യങ്ങളെക്കുറിച്ചും അനീതികളെക്കുറിച്ചും ആലോചിക്കുന്ന ഒരു വിഭാഗം ഉയര്‍ന്നുവരണം.
സി ദാവൂദ്
എല്ലാ ജനവിഭാഗങ്ങളെയും കൂടെ നിര്‍ത്തി രാഷ്ട്രീയ, ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടു. ഇങ്ങനെ വന്നപ്പോള്‍ സമൂഹത്തിലെ വലിയ ജനവിഭാഗത്തിന് അവര്‍ മാറ്റിനിര്‍ത്തപ്പെട്ടതായി അനുഭവപ്പെട്ടു. ഇങ്ങനെയാണ് പരമ്പരാഗത ഇടത്, മധ്യ, വലത് രാഷ്ട്രീയത്തിനുപുറത്തു പുതിയ രാഷ്ട്രീയ ഭാവനകള്‍ ഇന്ത്യയില്‍ രൂപപ്പെട്ടത്.
ബിഎസ്പി അടക്കം വിവിധ സാമൂഹിക വിഭാഗങ്ങളുടെ മുന്‍കൈയില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപപ്പെടാനും ശക്തിപ്പെടാനുമുണ്ടായ സാഹചര്യം അതാണ്. തെലുങ്കുദേശം പാര്‍ട്ടി, വിവിധ ദ്രാവിഡ കക്ഷികള്‍ തുടങ്ങിയ പാര്‍ട്ടികളെല്ലാം അത്തരം രാഷ്ട്രീയ ഭാവനകളുടെ പുറത്തു രൂപപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷം, കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന മധ്യപക്ഷം, സംഘപരിവാരം പ്രതിനിധീകരിക്കുന്ന വലതുപക്ഷം എന്നീ ധാരകളില്‍മാത്രം കറങ്ങിക്കൊണ്ടിരുന്ന ഇന്ത്യന്‍ ജനാധിപത്യം ബഹുധാരകളായി വികസിക്കുന്നതില്‍ ഇത്തരം രാഷ്ട്രീയ രൂപീകരണങ്ങള്‍ വലിയ പങ്കുവഹിച്ചു. ഇത്തരം കക്ഷികള്‍ ശക്തരാവുകയും മുഖ്യധാരാ രാഷ്ട്രീയത്തിലെത്തുകയും ഭരണത്തിന്റെ ഭാഗമാവുകയും ചെയ്തതോടെ നമ്മുടെ ജനാധിപത്യം കൂടുതല്‍ സമ്പന്നമാവുകയാണുണ്ടായത്.
എന്നാല്‍, അത്തരത്തിലുള്ള മുന്നേറ്റം സംഘടിപ്പിക്കാന്‍ മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു സാധിച്ചിട്ടില്ല. നേരത്തേ ഉണ്ടായിരുന്ന മുസ്‌ലിംലീഗ് കാലക്രമേണ ചെറുതായിക്കൊണ്ടിരിക്കുകയായിരുന്നു. ഏഴു സംസ്ഥാനങ്ങളിലുണ്ടായിരുന്ന അവര്‍ ഒരു സംസ്ഥാനത്ത് മാത്രമായി ചുരുങ്ങി. അതേസമയം മറ്റു പിന്നാക്ക, ദലിത് സമൂഹങ്ങളുടെ മുന്‍കൈയില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശക്തമായി മുന്നോട്ടുപോവുകയായിരുന്നു. ഇപ്പോള്‍ മുസ്‌ലിം ജനസമൂഹം ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും സംസാരിക്കുന്ന ഒരു തലമുറ ഉണ്ടായിട്ടുണ്ട്. ഇത്രയും കാലത്തെ പരീക്ഷണങ്ങളെല്ലാം പരാജയമായിരുന്നുവെന്ന് അവര്‍ തിരിച്ചറിയുന്നു.
മുസ്‌ലിം രാഷ്ട്രീയം എന്നതിന് ആശയപരമായ വലിയ സാംഗത്യം വന്ന കാലം കൂടിയാണിത്. പ്രസ്തുത രാഷ്ട്രീയത്തിന്റെ പ്രായോഗികമായ ചുവടുകള്‍ വയ്ക്കുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിംലീഗ്, ഹൈദരാബാദിലെ എംഐഎം, അസമിലെ എയുഡിഎഫ് തുടങ്ങിയ പരീക്ഷണങ്ങള്‍ സമുദായത്തിന്റെ രാഷ്ട്രീയ അസ്തിത്വത്തെ പ്രതിനിധീകരിക്കുന്നതില്‍ തീര്‍ച്ചയായും വിജയിച്ചിട്ടുണ്ട്.
അതേസമയം, വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാവുന്നതില്‍ അവര്‍ പരാജയമായിരുന്നു. മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച അവരുടെ കാഴ്ചപ്പാടുകള്‍ തന്നെയാണ് അവരുടെ ദൗര്‍ബല്യത്തിനു കാരണം. ന്യൂനപക്ഷ രാഷ്ട്രീയത്തെ എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം എന്നാണ് പുതുതലമുറ മുസ്‌ലിം പാര്‍ട്ടികള്‍ ആലോചിക്കുന്നത്. അത്തരം മുന്‍കൈകള്‍ നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ബഹുസ്വരമാക്കുകയേ ഉള്ളൂ. നേരത്തേ ഒറ്റയ്ക്കു മാത്രം ഭരിച്ചു പരിചയമുള്ള കോണ്‍ഗ്രസ് യുപിഎ എന്ന രൂപത്തില്‍ വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്തു ഭരിച്ചു. അതും രണ്ടു പ്രാവശ്യം. മുമ്പാണെങ്കില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍ പറ്റാത്ത ഒരു സംവിധാനമായിരുന്നു അത്.
സമൂഹത്തിലെ എല്ലാ ധാരകളെയും സംയോജിപ്പിച്ചുള്ള മുന്നണി രാഷ്ട്രീയമാണ് ഇന്ത്യക്കു ചേരുക എന്നതിനുള്ള നല്ല ഉദാഹരണമായിരുന്നു യുപിഎ. രാഷ്ട്രീയത്തിലെ ഈ ബഹുസ്വരത ഇനിയുള്ള കാലം കൂടുതല്‍ ശക്തമാവും. അതില്‍ കൂടുതല്‍ പങ്കുവഹിക്കുക എന്നതാണ് ഇനിയുള്ള കാലത്ത് മുസ്‌ലിംകള്‍ ചെയ്യേണ്ടത്.
ദേശീയ പാര്‍ട്ടികള്‍ വ്യത്യസ്ത സ്വത്വങ്ങളെയും ധാരകളെയും സാമൂഹിക വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍, മറ്റൊരര്‍ഥത്തില്‍ പറയുകയാണെങ്കില്‍ അധീശ സ്വത്വങ്ങളെ മാത്രം അവര്‍ പ്രതിനിധീകരിച്ചു. അങ്ങനെയാണ് മാറ്റിനിര്‍ത്തപ്പെട്ട സ്വത്വ വിഭാഗങ്ങള്‍ സ്വയം പ്രകാശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്നോട്ടു വന്നത്. അത് അവരുടെ പരിമിതിയല്ല, ശക്തിയാണ്. മുസ്‌ലിംലീഗിനു സ്വന്തം അസ്തിത്വം ഉയര്‍ത്തിപ്പിടിച്ചു വളരാന്‍ കഴിയാത്തത് അവര്‍ക്ക് അങ്ങനെ വളരുന്നതില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ്. വിട്ടുവീഴ്ച ചെയ്യുന്നത് എന്തോ മഹത്തരമായ കാര്യമാണെന്ന ബോധമാണ് അവരെ നയിക്കുന്നത്. വിട്ടുവീഴ്ച ചെയ്തുകൊണ്ടേയിരിക്കുക, ഒരിക്കല്‍പോലും വിലപേശാതിരിക്കുക എന്നതാണ് അവര്‍ ചെയ്യുന്നത്.
വിട്ടുവീഴ്ചകളിലൂടെ അവരിലെ ക്രീമിലെയര്‍ നേതൃത്വം പല സൗകര്യങ്ങളും അനുഭവിക്കുന്നുണ്ട്. വിലപേശുക എന്നത് കൂടുതല്‍ പരിശ്രമം ആവശ്യമുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത്തരമൊരു പ്രവര്‍ത്തനം നടത്തുക, അതിന് അണികളെ സജ്ജരാക്കുക എന്നൊന്നുമില്ലാത്ത അലസമായ നേതൃത്വമാണ് മുസ്‌ലിംലീഗിന്റേത്. അത്തരമൊരു നേതൃത്വത്തിന്റെ കൈയില്‍ പെട്ടുപോയി എന്നതാണ് മുസ്‌ലിംലീഗ് അനുഭവിക്കുന്ന പ്രശ്‌നം.
തങ്ങള്‍ക്ക് നിവര്‍ത്തിച്ചുകിട്ടേണ്ട ആവശ്യങ്ങളുണ്ട്, അല്ലെങ്കില്‍ തങ്ങള്‍ അനീതി അനുഭവിക്കുന്നുണ്ട്, പ്രസ്തുത അനീതി അവസാനിക്കേണ്ടതുണ്ട് തുടങ്ങിയ ആവശ്യങ്ങളുടെ പുറത്താണ് രാഷ്ട്രീയ മുന്‍കൈകള്‍ രൂപപ്പെടുന്നത്. അപ്പോള്‍ മുസ്‌ലിംകളില്‍നിന്ന് ഒരു രാഷ്ട്രീയ മുന്നേറ്റം ഉണ്ടാവണമെങ്കില്‍ ആവശ്യങ്ങളെക്കുറിച്ചും അനീതികളെക്കുറിച്ചും ആലോചിക്കുന്ന ഒരു വിഭാഗം ഉയര്‍ന്നുവരണം. വരേണ്യവിഭാഗക്കാര്‍ക്ക് ഒരിക്കലും ഇത്തരം ആകുലതകള്‍ ഉണ്ടാവില്ല. പരമ പിന്നാക്കമായ ആളുകള്‍ക്കിടയില്‍നിന്ന് ഇത്തരം മുന്നേറ്റമുണ്ടാവില്ല. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പൊരുതാനേ അവര്‍ക്കു സമയമുണ്ടാവുകയുള്ളൂ. അപ്പോള്‍ രാഷ്ട്രീയം രൂപപ്പെടണമെങ്കില്‍ ശക്തമായ ഒരു മധ്യവര്‍ഗം രൂപപ്പെടണം. അത്തരമൊരു മധ്യവര്‍ഗത്തിന്റെ രൂപീകരണം വളരെ വൈകിയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിന്നുണ്ടായത് എന്നതാണ് വാസ്തവം. കേരളത്തില്‍ ആ മധ്യവര്‍ഗം ചെറിയ തോതിലാണെങ്കിലും നേരത്തേ ഉണ്ടായിരുന്നു. പക്ഷേ, ദേശീയതലത്തില്‍ അങ്ങനെയൊന്ന് രൂപപ്പെട്ടുവരുന്നേയുള്ളൂ. അതിനാല്‍ തന്നെയാണ് ചോദ്യത്തില്‍ ഉന്നയിക്കപ്പെട്ട വൈകലും.
ഇമേജ് എന്നു പറയുന്നത് ആപേക്ഷികമായ ഒരേര്‍പ്പാടാണ്. മുസ്‌ലിംലീഗ് കേരളത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട പാര്‍ട്ടിയായിരുന്നു. പക്ഷേ, മുസ്‌ലിംലീഗിനെ മാറ്റിനിര്‍ത്തിക്കൊണ്ട് കേരളത്തില്‍ രാഷ്ട്രീയം സാധ്യമല്ല എന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ അവരുടെ മുന്‍കാല നേതാക്കള്‍ വിജയിച്ചു. പാകിസ്താന്‍ രൂപീകരണത്തിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തിയിരുന്ന കാലത്താണ് മുസ്‌ലിംലീഗ് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായത്.
രാഷ്ട്രീയം എന്നതു വിലപേശലിന്റെ കലയാണ് എന്നതുപോലെ സഖ്യത്തിന്റെയും കലയാണ്. രാഷ്ട്രീയ സാഹചര്യമനുസരിച്ചു സഖ്യങ്ങളുണ്ടാക്കുക എന്നതു പരാജയമല്ല, വിജയമാണ്. തങ്ങളെ അവഗണിച്ചു മുന്നോട്ടുപോവാന്‍ കഴിയില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് മറ്റു രാഷ്ട്രീയകക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള വഴി. ജനാധിപത്യത്തില്‍ ഇന്നയാള്‍ക്കെതിരേ ഇന്നയാള്‍ എന്ന തത്ത്വത്തോടു യോജിക്കുന്നില്ല. സഖ്യങ്ങളുടെ കലയാണ് ജനാധിപത്യം.
ബിജെപിയുമായി സഖ്യത്തിലായി അധികാരം പങ്കിട്ട പാര്‍ട്ടിയാണ് ബിഎസ്പി. ഒരുകാലത്ത് ദലിത് ന്യൂനപക്ഷങ്ങളുടെ മിശിഹ എന്നപേരില്‍ വാഴ്ത്തപ്പെട്ടയാളാണ് രാംവിലാസ് പാസ്വാന്‍. അദ്ദേഹം ഇപ്പോള്‍ ബിജെപിയുടെ ഘടകകക്ഷിയാണ്. ഇവരൊന്നും മഹാ അപരാധം ചെയ്തുവെന്ന് അഭിപ്രായമില്ല. ജനാധിപത്യം എന്നാല്‍ ഇങ്ങനെയൊക്കെ തന്നെയാണ്. അതു സാധ്യതകളുടെ കലയും കൂടിയാണ്. അതിനകത്ത് ഓരോ രാഷ്ട്രീയ സമൂഹവും അവരുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സഖ്യങ്ങള്‍ രൂപീകരിക്കുകയും വിശാലമാവുകയും ചെയ്യുന്നതാണ് അവരുടെ വിജയം.
ബിജെപി വിരുദ്ധത എന്ന ഒറ്റ പോയിന്റില്‍ നിന്നുകൊണ്ട് ഒരു രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയില്ല. അങ്ങനെ മുന്നോട്ടു പോവുന്നതിന് അതിന്റേതായ പരിമിതികളുണ്ട്. മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോള്‍ അതിന്റെ കുന്തമുന ബിജെപി വിരുദ്ധത എന്നാവരുത്. വൈകാരികമായ ലക്ഷ്യങ്ങള്‍ നമ്മുടെ അജണ്ടകളെ നിര്‍ണയിക്കരുത്. നമ്മുടെ രാഷ്ട്രീയത്തെ വിജയിപ്പിക്കുക എന്നതാവണം ലക്ഷ്യം.
ബിജെപിക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ്, അതിനാല്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുക എന്ന ഒറ്റ അജണ്ടയില്‍ ന്യൂനപക്ഷ രാഷ്ട്രീയം കറങ്ങുമ്പോള്‍, ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വത്തെതന്നെയാണ് അതു നിഷേധിക്കുന്നത്. താങ്കള്‍ അവസരവാദിയായ രാഷ്ട്രീയക്കാരനല്ലേ എന്ന് ഒരിക്കല്‍ കാന്‍ഷിറാമിനോടു ചോദിക്കുകയുണ്ടായി. എന്റെ സമൂഹത്തിന്റെ അവസരങ്ങള്‍ക്കു വേണ്ടിയാണ് എന്റെ രാഷ്ട്രീയം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും കാന്‍ഷിറാമിന്റെ ഈ നിലപാടില്‍ ഏറെ പാഠങ്ങളുണ്ട്.
(തേജസ് വാരിക ഫെബ്രുവരി 28 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)