'രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി'; മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. രാഷ്ട്രീയം കോടതിക്ക് പുറത്തുമതിയെന്ന് സുപ്രിം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വാദം കേള്‍ക്കുന്നതിനിടെ കേരളത്തിന്റെ അഭിഭാഷകനോടാണ് സുപ്രിംകോടതി ഇങ്ങനെ പറഞ്ഞത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാവാം. പക്ഷേ, രാഷ്ട്രീയം കോടതിയില്‍ വേണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിനെതിരേ കേരളം നല്‍കിയ അപേക്ഷ തീര്‍പ്പാക്കിയാണ് കോടതിയുടെ പ്രതികരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. എന്നാല്‍, ഈ ആവശ്യം സുപ്രിംകോടതി തള്ളി. വെള്ളം തുറന്നുവിടുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ മേല്‍നോട്ട സമിതിയുണ്ടെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്നെ ബഞ്ച് ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ ജലം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ആദ്യം മേല്‍നോട്ട സമിതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. വെള്ളം തുറന്നുവിടുന്നതില്‍ പരാതിയുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയാണ് നടപടി സ്വീകരിക്കേണ്ടത്.
പരാതികള്‍ ഉന്നയിച്ചാലും മേല്‍നോട്ട സമിതി നടപടിയെടുക്കുന്നില്ലെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കേരളത്തിന്റെ പ്രതിനിധി കൂടി ഉള്‍പ്പെടുന്നതാണല്ലോ മേല്‍നോട്ട സമിതിയെന്ന് കോടതി ചൂണ്ടിക്കാട്ടി. മേല്‍നോട്ട സമിതിക്ക് വീഴ്ചയുണ്ടെങ്കില്‍ അത് കേരളത്തിന്റെ അംഗത്തിന്റെ കൂടി പരാജയമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തൂവെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അഭിപ്രായപ്പെട്ടു. പരാതികള്‍ ലഭിച്ചാല്‍ അടിയന്തരമായി അതില്‍ തീരുമാനമെടുക്കാന്‍ മേല്‍നോട്ടസമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാനാവില്ല. വെള്ളം തുറന്നുവിടുന്നതില്‍ പരാതിയുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയെ അറിയിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. വെള്ളം തുറന്നുവിടുന്നതിനു മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്നായിരുന്നു കോടതിയില്‍ കേരളം ആവശ്യപ്പെട്ടത്. 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണം. രാത്രിയില്‍ വെള്ളം തുറന്നുവിടുന്നതു മൂലം വെള്ളപ്പൊക്കവും അതുമായി ബന്ധപ്പെട്ട ദുരിതങ്ങളുമുണ്ടാവുന്നതായും ചൂണ്ടിക്കാട്ടി. മേല്‍നോട്ട സമിതി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും കേരളം ആരോപിച്ചു.