കോഴിക്കോട്: ജനമഹാസമ്മേളനത്തില്‍ അണിചേരാനെത്തിയ സ്ത്രീകളുടെ വന്‍ പങ്കാളിത്തം വേറിട്ട കാഴ്ചയായി. വോളണ്ടിയര്‍ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് തെരുവീഥികളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ടനിരയാണ് ദൃശ്യമായത്. വോളണ്ടിയര്‍ മാര്‍ച്ചിന്റെ അവസാന വരിയും കടന്നുപോയതോടെ അവരും ബഹുജന മാര്‍ച്ചിന്റെ ഭാഗമായി. സ്വന്തം ശാരീരിക അവശതകളെയൊന്നും വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളും സ്റ്റേഡിയം പരിസരം മുതല്‍ ബീച്ചിലെ സമ്മേളന നഗരി വരെ ബഹുജന റാലിയില്‍ അണിനിരന്നത്. രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ കോഴിക്കോട്ടേക്ക് തിരിച്ച ജനസഞ്ചയത്തില്‍ വലിയൊരു വിഭാഗം സ്ത്രീകളമുണ്ടായിരുന്നു.
ഉച്ചയോടെ കോഴിക്കോട് നഗരവും പരിസരവും ജനനിബിഡമായി. സമ്മേളന നഗരിയായ കോഴിക്കോട് ബീച്ചില്‍ സംഘാടകര്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കരുത്തുപകരുന്നതായിരുന്നു റാലിയിലെ സ്ത്രീകളുടെ വന്‍ പങ്കാളിത്തം. മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അന്തസ്സിനും വിലകല്‍പ്പിക്കാത്ത സംഘപരിവാര്‍ ഭരണകൂടങ്ങള്‍ക്കെതിരേ തെരുവില്‍ പോരാട്ടത്തിന് തയ്യാറാവുകയെന്ന സന്ദേശമാണ് അവര്‍ നല്‍കിയത്.
സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങിക്കൂടേണ്ടതാണെന്ന വാറോലകളുമായെത്തുന്നവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കോഴിക്കോട് നഗരത്തെയും സാഗരത്തെയും സാക്ഷിയാക്കിയ സ്ത്രീ ജനക്കൂട്ടം. യോഗിയുടെ ഉത്തര്‍പ്രദേശിലടക്കം കൂട്ടബലാല്‍സംഗ കൊലകള്‍ അരങ്ങുവാഴുകയാണ്. പ്രതിപ്പട്ടികയില്‍ സംഘപരിവാറുകളാണെങ്കില്‍ ഭരണകൂടം അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന നീതിവ്യവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഹിജാബിന്റെയും മുത്തലാക്കിന്റെയും പേരിലടക്കം രാജ്യത്താകമാനം സംഘപരിവാരം മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പ്രചാരണങ്ങളും വേട്ടയാടലും നടത്തിയിട്ടും മൗനം പൂണ്ടിരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് അവര്‍ നല്‍കിയത്.
ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രത്യേക ബാനറുകള്‍ക്ക് കീഴിലാണ് സ്ത്രീകള്‍ അണിനിരന്നത്. കൈക്കുഞ്ഞുങ്ങളുമായെത്തിയ ഉമ്മമാരും വൃദ്ധരും കുട്ടികളും റാലിയിലെ കണ്‍കുളിര്‍ക്കുന്ന കാഴ്ചകളായി. ഇന്ത്യന്‍ റിപബ്ലിക്കിനെ രക്ഷിക്കാന്‍ സന്ധിയില്ലാതെ ഏതറ്റംവരെയും പൊരുതുമെന്ന ദൃഢനിശ്ചയമാണ് ഏവരുടെയും മുഖത്ത് പ്രകടമായത്. സമ്മേളനത്തിലെ അവസാനത്തെയാള്‍ പ്രസംഗിച്ചതിനുശേഷം മാത്രമാണ് ബീച്ച് നഗരി വിട്ട് അവര്‍ മടങ്ങിയത്.