പൗരത്വ ഭേദഗതി നിയമം ആക്രമിച്ചത് ഇസ്‌ലാമിനെയല്ല, ഇന്ത്യന്‍ സമൂഹത്തെ: ഡോ. ലെനിന്‍ രഘുവംശി

അയോധ്യയില്‍ ഒരുനാള്‍ ബാബരി മസ്ജിദ് ഉയരുക തന്നെ ചെയ്യുമെന്നും അതിന് വേണ്ടി നിങ്ങളുടെ മനസ്സുകളില്‍ മിനാരങ്ങള്‍ പണിതുയര്‍ത്തണമെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

Update: 2019-12-13 18:30 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിലൂടെ ആക്രമിച്ചത് ഇസ്‌ലാമിനെയല്ല, ഇന്ത്യന്‍ സമൂഹത്തെ തന്നെയാണെന്ന് യുപി വരാണസിയിലെ പ്രമുഖ ദലിത് ആക്ടിവിസ്റ്റ് ഡോ. ലെനിന്‍ രഘുവംശി. പൗരത്വ ബില്‍ ഭരണഘടനാ ലംഘനം, ബാബരി വിധി നീതി നിഷേധം എന്ന പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജസ്റ്റിസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭ പാസാക്കിയ നിയമം ഇന്ത്യന്‍ ഭരണഘടനയ്ക്കും ഇന്ത്യന്‍ ജനാധിപത്യ അവകാശങ്ങള്‍ക്കും മേലുള്ള വെല്ലുവിളിയാണ്. നിയമം മുസ്‌ലിംകളെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. മോദിയും അമിത്ഷായും ഇന്ത്യന്‍ ജനാധിപത്യത്തിന് അത്യന്തം അപകടകരമാണ്. മോദി ഹിറ്റ്‌ലറുടെ തനിയാവര്‍ത്തനമാണ്. ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി സംഘടനകളെ നയിക്കുന്നത് ബ്രാഹ്മണിസവും മനുസ്മൃതിയുമാണ്. ജൈനരും ബുദ്ധരും മുസ്‌ലിംകളും ചേര്‍ന്ന് മനുവിന്റെ ആളുകളെ എതിര്‍ക്കണം. ദക്ഷിണ-പശ്ചിമ-പൂര്‍വ ദിക്കുകളില്‍ ആര്‍എസ്എസ്സിന് വലിയ സ്വാധീനമില്ല. കേരളീയനായ ഒരു നായരെ ഉപയോഗിച്ചാണ് 1949 ഡിസംബറില്‍ ബാബരി മസ്ജിദിന്റെ മിഹ്‌റാബില്‍ വിഗ്രഹം സ്ഥാപിച്ചതെന്നും രഘുവംശി പറഞ്ഞു.

അയോധ്യയില്‍ ഒരുനാള്‍ ബാബരി മസ്ജിദ് ഉയരുക തന്നെ ചെയ്യുമെന്നും അതിന് വേണ്ടി നിങ്ങളുടെ മനസ്സുകളില്‍ മിനാരങ്ങള്‍ പണിതുയര്‍ത്തണമെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. ബാബരി വിധിയിലെ അപകടകരമായ നീക്കങ്ങളെ ലാഘവത്തോടെ കാണരുത്. ബാബരി കേസിലെ വിധി ഒരു ബാബരിയില്‍ അവസാനിക്കുന്നതല്ല. ഒരുപാട് ആരാധനാലയങ്ങളെ ബാധിക്കുന്നതാണ്. നിങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്തു, അസ്തിത്വത്തെ ചോദ്യം ചെയ്തു, പൗരത്വത്തെ ചോദ്യം ചെയ്തു, ഇനിയെന്തിനേയാണ് നമുക്ക് ഭയപ്പെടാനുള്ളത്. ആവര്‍ത്തിക്കപ്പെടുന്ന നീതി നിഷേധങ്ങള്‍ക്കെതിരേ പോരാട്ടത്തിന് തയ്യാറാവണമെന്നും എം കെ ഫൈസി പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അവകാശങ്ങളും അധികാരങ്ങളും രാജ്യവും നിഷേധിക്കപ്പെട്ട് അടിമകളായി ജീവിക്കണമെന്ന ഗോള്‍വാള്‍ക്കര്‍ കണ്ട സ്വപ്‌നമാണ് അമിത്ഷാ പ്രാവര്‍ത്തികമാക്കാന്‍ നോക്കുന്നത്. ഹിന്ദുത്വ രാഷ്ട്രത്തെയും ഹിന്ദു സംസ്‌കാരത്തെയും അംഗീകരിക്കാത്തവരെ പുറത്താക്കാന്‍വേണ്ടി മാത്രമുള്ളതാണ് പൗരത്വ ഭേദഗതി നിയമം. സംഘപരിവാറിന് താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ ജീവിക്കാം, അല്ലാത്തവര്‍ പുറത്തുപോവും. പുറത്ത് പോവുന്നവരാവട്ടെ മുസ്‌ലിംകളായിരിക്കും. എന്‍ആര്‍സി നടപ്പാക്കിയപ്പോള്‍ അസമില്‍ പട്ടികയില്‍നിന്ന്് പുറത്തായത് 13 ലക്ഷം ഹിന്ദുക്കളും ആറുലക്ഷം മുസ്‌ലിംകളുമാണ്. എന്നാല്‍, പുതിയ നിയമം വരുന്നതോടെ അസമിലെ പുറത്താക്കപ്പെട്ട 13 ലക്ഷം ഹിന്ദുക്കള്‍ക്ക് പൗരത്വം ലഭിക്കാനുള്ള സാഹചര്യമാണുണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

Tags:    

Similar News