പോപുലര്‍ ഫ്രണ്ട് ദേശീയ ആരോഗ്യ കാംപയിന് സംസ്ഥാനത്ത് തുടക്കം; ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ രാജ്യവിരുദ്ധ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാനാവൂ: സി പി മുഹമ്മദ് ബഷീര്‍

ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ശാരീരിക മാനസിക സാമൂഹിക ആരോഗ്യം നേടിയെടുത്ത സമൂഹത്തിന് മാത്രമേ ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയൂ

Update: 2021-11-16 13:55 GMT

പെരുമ്പാവൂര്‍: സമൂഹത്തില്‍ അരക്ഷിതാവസ്ഥയും കലാപവും വിതയ്ക്കുന്ന രാജ്യവിരുദ്ധ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ പൂര്‍ണാര്‍ഥത്തില്‍ ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ സാധിക്കൂവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ശാരീരിക മാനസിക സാമൂഹിക ആരോഗ്യം നേടിയെടുത്ത സമൂഹത്തിന് മാത്രമേ ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയൂ. മര്‍ദ്ദിതരായ മുസ്‌ലിംകളേയും സാധാരണക്കാരേയും സംഘടിപ്പിക്കുകയും രാഷ്ട്ര നിര്‍മിതിയില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന ശ്രമകരമായ ദൗത്യമാണ് പോപുലര്‍ ഫ്രണ്ട് ചെയ്യുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്‍മാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പരിശ്രമമാണ് പോപുലര്‍ ഫ്രണ്ട് നടത്തുന്നത്.

രാജ്യത്തിന്റെ വൈവിധ്യത്തേയും മതേതര പാരമ്പര്യത്തേയും ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശങ്ങളേയും ചവിട്ടിമെതിച്ച് രാജ്യത്ത് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര ദേശവിരുദ്ധ ശക്തികളുടെ ചെയ്തികള്‍ക്കെതിരേ ജനകീയമായ ഉയര്‍ത്തെഴുന്നേല്‍പ്പും ചെറുത്തുനില്‍പ്പും ഉറപ്പുവരുത്താനാണ് ഇന്ത്യയിലെ ഗ്രാമാന്തരങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രോഗാവസ്ഥയിലും സേവന ലഭ്യതയിലുമുള്ള അസന്തുലിതത്വത്തിന്റെ വേരറക്കുവാന്‍ പൗരസമൂഹവും സര്‍ക്കാരും തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. മിസ്റ്റര്‍ സൗത്ത് ഇന്ത്യ 2021 ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ ആല്‍ബര്‍ട്ട് വില്‍സണിനെ ചടങ്ങില്‍ ആദരിച്ചു . പെരുമ്പാവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. എം.എം ഷാനി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി പെരുമ്പാവൂര്‍ മക്കാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം മിസ്റ്റര്‍ സൗത്ത് ഇന്ത്യ 2021 ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ ആല്‍ബര്‍ട്ട് വില്‍സണ്‍ ഫ് ളാഗ് ഓഫ് ചെയ്തു.

തുടര്‍ന്ന് യോഗാ, ആയോധന കലാപ്രദര്‍ശനവും നടന്നു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, സംസ്ഥാന സമിതിയംഗം കെ എം അഷ്‌റഫ്, എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍, സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ പ്രസിഡന്റ് കെ എ സലീം സംസാരിച്ചു. കാംപയിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കായികമേള, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, ആയോധനകലാ പ്രദര്‍ശനം, കൂട്ടയോട്ടം, യോഗ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

പൊതുജനങ്ങളില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്താനും കായികക്ഷമതക്ക് പ്രേരണ നല്‍കാനുമായി സംഘടന ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടി സംഘടിപ്പിക്കുന്നത്.

Tags:    

Similar News