ബാബരി മസ്ജിദ് കേസ്: വിധി പറയാന്‍ ആശ്രയിച്ചത് ദൈവത്തെയെന്ന് ചീഫ്ജസ്റ്റിസ്

പ്രശ്‌നപരിഹാരം കണ്ടെത്താനാകാത്ത കേസുകളില്‍ പലപ്പോഴും ഞങ്ങള്‍ക്ക് വിധി പറയേണ്ടി വരാറുണ്ട്. അയോധ്യ കേസ് അങ്ങനെയൊന്നായിരുന്നു

Update: 2024-10-21 04:23 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ വിധി പറയാന്‍ ദൈവത്തെ ആശ്രയിച്ചെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജന്മനാടായ പൂനെയിലെ കന്‍ഹെര്‍സറില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'സങ്കീര്‍ണമായ കേസുകള്‍ മുന്നില്‍ വരാറുണ്ട്. ഈ കേസ് മൂന്നുമാസം എന്റെ മുന്നിലുണ്ടായിരുന്നു. ഒരു പരിഹാരം കണ്ടെത്തണമെന്ന് ഞാന്‍ ദൈവത്തോട് അഭ്യര്‍ത്ഥിച്ചു. വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടിയാകുമെന്നുറപ്പാണ്. പ്രശ്‌നപരിഹാരം കണ്ടെത്താനാകാത്ത കേസുകളില്‍ പലപ്പോഴും ഞങ്ങള്‍ക്ക് വിധി പറയേണ്ടി വരാറുണ്ട്. അയോധ്യ കേസ് അങ്ങനെയൊന്നായിരുന്നു.''-ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബാബരി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയാമെന്ന് 2019 നവംബറില്‍ അന്നത്തെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഈ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 1992ല്‍ ബാബറി മസ്ജിദ് മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായ പ്രവൃത്തികളാണെന്ന് കണ്ടെത്തി. എന്നാല്‍, മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കി. ഈ വിധി ആരാണ് എഴുതിയതെന്ന് വിധിയില്‍ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച ശേഷം ബിജെപി അദ്ദേഹത്തെ രാജ്യസഭ അംഗമാക്കുകയും ചെയ്തു.

Tags:    

Similar News