പ്രിയാ വര്‍ഗീസിന്റെ നിയമനം: ഹൈക്കോടതി വിധി അനുസരിക്കും; റാങ്ക് പട്ടിക പുനപ്പരിശോധിക്കും- കണ്ണൂര്‍ വിസി

Update: 2022-11-18 07:16 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറാവാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പ്രിയാ വര്‍ഗീസിന്റെ വിവാദനിയമനത്തില്‍ ഹൈക്കോടതി വിധി അനുസരിച്ച് മുന്നോട്ടുപോവുമെന്ന് വിസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോടതി വിധിയനുസരിച്ച് മുന്നോട്ടുപോവാനാണ് നിലവിലെ തീരുമാനം. പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമോപദേശം തേടിയിരുന്നു. യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നതാണ്.

രണ്ട് തവണയാണ് നിയമോപദേശം തേടിയത്. യുജിസിക്ക് കത്തയച്ചെങ്കിലും മറുപടി കിട്ടിയില്ല. അന്ന് യുജിസി നിലപാട് പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാവില്ലായിരുന്നു. എജിയുടെ നിയമോപദേശത്തിന് ശേഷം റാങ്ക് ലിസ്റ്റിന് അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വിസി പറഞ്ഞു. പ്രിയാ വര്‍ഗീസ് ഉള്‍പ്പെട്ട റാങ്ക് പട്ടിക പുനപ്പരിശോധിക്കും. പട്ടികയില്‍ നിലവിലുള്ള മൂന്ന് പേരുടെയും യോഗ്യത വീണ്ടും പരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കും. പുതിയ പട്ടിക സിന്‍ഡിക്കേറ്റിന് മുന്നില്‍ വയ്ക്കും. ഹൈക്കോടതി വിധിയില്‍ അപ്പീല്‍ പോവില്ല.

വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം നിയമോപദേശം തേടും. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് സേവ് യൂനിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഇതില്‍ വ്യക്തത തേടി യുജിസിക്ക് കത്ത് നല്‍കിയത്. ഹൈക്കോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയെ മാത്രം ബാധിക്കുന്നതല്ല. എല്ലാ സര്‍വകലാശാലകളിലെയും പ്രിന്‍സിപ്പല്‍ നിയമനം, സ്ഥാനക്കയറ്റം എന്നിവയെയൊക്കെ ബാധിക്കുന്ന വിധിയാണ് ഇത്. സര്‍വകലാശാല ഇതില്‍ അപ്പീല്‍ നല്‍കില്ല.

നിയമ നടപടികള്‍ക്കായി സര്‍വകലാശാലയ്ക്ക് വലിയ പണച്ചെലവ് ഉണ്ടാവുന്നുണ്ടെന്ന്, ഇതിനു കാരണമായി വിസി പറഞ്ഞു. പ്രിയാ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ലെന്നും പിഎച്ച്ഡി കാലയളവിനെ അധ്യാപന പരിചയമായി കണക്കാകാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മതിയായ കാലം പ്രവര്‍ത്തിച്ചില്ലെന്നും കോടതി വിലയിരുത്തി. നിയമന നടപടികള്‍ക്കായുള്ള സ്‌ക്രീനിങ്, സെലക്ഷന്‍ കമ്മിറ്റികള്‍ക്ക് എതിരെയും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags:    

Similar News