പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള നിയമനമായിരിക്കും നടന്നതെന്ന് മന്ത്രി ആര്‍ ബിന്ദു

പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

Update: 2022-08-17 16:10 GMT

തിരുവനന്തപുരം: പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിച്ചത് സര്‍ക്കാരല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. നിയമനത്തിനുള്ള പൂര്‍ണ അധികാരം സര്‍വകലാശാലയ്ക്കാണ്. നിയമപ്രകാരമുള്ള നിയമനമായിരിക്കും നടന്നതെന്ന് മന്ത്രി പ്രതികരിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് എതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ച് ഗവര്‍ണറുടെ നടപടി നിയമവിധേയമല്ലെന്ന് വൈസ് ചാന്‍സലര്‍ പരോക്ഷമായി സൂചിപ്പിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനെതിരേ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചാണ് നിയമന നടപടി മരവിപ്പിച്ച് കൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ നടപടി.

കണ്ണൂര്‍ സര്‍വകലാശാലയുടെ 1996ലെ ആക്ട് പ്രകാരമാണ് നടപടി. സേവ് യൂനിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്. നിയമന നടപടിയുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നിയമനത്തെ ന്യായീകരിച്ച് കൊണ്ടുള്ള വൈസ് ചാന്‍സലറുടെ വാദങ്ങള്‍ തള്ളി കൊണ്ടാണ് ഗവര്‍ണറുടെ നടപടി.

Similar News