പെരിയാറിനെ അപമാനിച്ചെന്നാരോപിച്ച് മധുരയില്‍ നടന്‍ രജനീകാന്തിന്‍റെ കോലം കത്തിച്ചു
പെരിയാറിനെ അപമാനിച്ച താരം പരസ്യമായി മാപ്പ് പറയണമെന്നും ഡിവികെ പ്രസിഡന്‍റ് എം നെഹറുദാസ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈ: പെരിയാര്‍ ഇ വി രാമസ്വാമിയെ അപമാനിച്ചെന്നാരോപിച്ച് മധുരയില്‍ നടന്‍ രജനീകാന്തിന്‍റെ കോലം കത്തിച്ചു. ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി 1971 ൽ പെരിയാർ റാലി നടത്തിയെന്ന രജനീകാന്തിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതു സംബന്ധിച്ച് ദ്രാവിഡര്‍ വിടുതലൈ കഴകം അംഗങ്ങൾ പോലിസിൽ പരാതി നൽകിയിട്ടുണ്ട്.
പെരിയാറിനെ അപമാനിച്ച താരം പരസ്യമായി മാപ്പ് പറയണമെന്നും ഡിവികെ പ്രസിഡന്‍റ് എം നെഹറുദാസ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 14ന് ചെന്നൈയിൽവച്ച് നടന്ന, തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതെന്നാണ് കോയമ്പത്തൂർ പോലിസ് കമ്മീഷണർ സുമിത് ശരണിന് നൽകിയ പരാതിയിൽ നെഹറുദാസ് ആരോപിച്ചത്.
അതേസമയം പെരിയാർ ദ്രാവിഡ കഴകം ജനുവരി 23ന് രജനീകാന്തിന്റെ വീട് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് പെരിയാർ ദ്രാവിഡ കഴകത്തിന്റെ ആവശ്യം. അതേസമയം നടന്റെ ആരാധകർ പ്രക്ഷോഭം നടത്തുന്നവരെ വെല്ലുവിളിച്ചതായാണ് റിപോർട്ടുകൾ.