പെരിയാറിനെതിരായ വിവാദ പരാമര്‍ശത്തില്‍ നടന്‍ രജനീകാന്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു
പ്രതിഷേധം തുടര്‍ന്നതോടെ പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വസതിക്ക് സമീപത്ത് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി.
ചെന്നൈ: പെരിയാറിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ നടന്‍ രജനീകാന്തിനെതിരെയുള്ള പ്രതിഷേധം തുടരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയില്ലെന്ന് താരം നിലപാട് വ്യക്തമാക്കിയതോടെ പ്രത്യക്ഷ സമരവുമായി പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധം തുടര്‍ന്നതോടെ പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വസതിക്ക് സമീപത്ത് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി.
താരത്തിനെതിരേ വിമര്‍ശനവുമായി ഡിഎംകെ പ്രസിഡന്റ് സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. രജനീകാന്തിനെപ്പോലെയൊരു സൂപ്പര്‍ സ്റ്റാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തുമ്പോള്‍ ചിന്തിക്കണമെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ് മാസിക തുഗ്ലക്കിന്റെ വാര്‍ഷിക ആഘോഷത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ വേദിയിലിരുത്തിയായിരുന്നു രജനികാന്ത് പെരിയാറെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്.
എന്നാല്‍ ഇതിനിടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കി. താന്‍ പറഞ്ഞത് വാസ്തവമാണ്. അതില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. പെരിയാര്‍ വിഷയത്തില്‍ തെറ്റായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ വ്യക്തമാക്കിയതെന്നും രജനീകാന്ത് പറഞ്ഞു.