നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് രജനീകാന്ത്
കുഴഞ്ഞുമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് കമല്‍ഹാസനു പുറമെ രജനീകാന്ത് കൂടിയെത്തുന്നതോടെ പ്രവചനാതീതമായി മാറുമെന്നുറപ്പ്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തനിക്കു വ്യക്തമായ പദ്ധതികളുണ്ടെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും തമിഴ് സൂപര്‍ താരം രജനീകാന്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും താന്‍ മല്‍സരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ രജനീകാന്ത്, കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമോയെന്ന ചോദ്യത്തിന് മെയ് 23ന് അറിയാം എന്നായിരുന്നു മറുപടി. ബിജെപിയെ പിന്തുണയ്ക്കുമോയെന്ന കാര്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം തീരുമാനിക്കാനാണു സാധ്യത. തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെക്കു തിരിച്ചടിയുണ്ടായാല്‍ മന്ത്രിസഭ നിലംപതിക്കും. 2017ല്‍ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച രജനീകാന്ത് ഇതുവരെ കേന്ദ്രത്തില്‍ ആരെയാണ് പിന്തുണയ്ക്കുകയെന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്യുന്നില്ല. 2021ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണു തന്റെ ലക്ഷ്യമെന്ന് വെളിപ്പെടുത്തിയെങ്കിലും രജനി മക്കള്‍ മന്‍ട്രം സജീവമായിരുന്നില്ല. ഇതിനിടെയാണ്, ടിടിവി ദിനകരന്‍ പക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു 18 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പിച്ചത്. ഇവരുടേതുള്‍പ്പെടെ ആകെ 22 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 18നു രണ്ടാംഘട്ട ലോക്‌സഭാ വോട്ടെടുപ്പിനൊപ്പം 18 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. ബാക്കിയുള്ള നാലു മണ്ഡലങ്ങളിലേക്ക് മെയ് 19നാണ് വോട്ടെടുപ്പ്. ഇത്തരത്തില്‍ കുഴഞ്ഞുമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് കമല്‍ഹാസനു പുറമെ രജനീകാന്ത് കൂടിയെത്തുന്നതോടെ പ്രവചനാതീതമായി മാറുമെന്നുറപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 38 മണ്ഡലങ്ങളിലാണ് നടനും സംവിധായകനുമായ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം മല്‍സരിക്കുന്നത്.