'14 മണിക്കൂര്‍ വീട്ടിലിരുന്നാല്‍ വൈറസിനെ തടയാമെന്ന് രജനീകാന്ത്; ക്ലാപ്പിങ്ങില്‍ വൈറസ് ചാവുമെന്ന് മോഹന്‍ലാല്‍ -രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു

ഇത്തരം വിവരങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും വൈറസ് ബാധ ദിവസങ്ങളോളം ഉപരിതലത്തില്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ അടക്കം ശാസ്ത്രലോകത്തെ പലരും വിശദമാക്കിയിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്വിറ്റര്‍ രജനികാന്തിന്റെ വീഡിയോ നീക്കം ചെയ്തത്.

Update: 2020-03-22 06:55 GMT

കോഴിക്കോട്: 14 മണിക്കൂര്‍ വീട്ടിലിരുന്നാല്‍ കൊറോണ വൈറസ് നശിക്കുമെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഏറ്റുപിടിച്ച് രജനീകാന്തും മോഹന്‍ലാലും. 14 മണിക്കൂര്‍ എല്ലാവരും വീട്ടിലിരിക്കുന്നതോടെ പ്രതലങ്ങളില്‍ പറ്റിപ്പിടിച്ച കൊറോണ വൈറസ് നശിക്കുമെന്ന വ്യാജ പ്രചാരണങ്ങളുടെ ചുവടുപിടിച്ചാണ് രജനികാന്ത് വീഡിയോ തയ്യാറാക്കിയത്.

അതേസമയം, കൊവിഡ് 19 പ്രതിരോധിക്കുവാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യൂവിനെ പിന്തുണച്ചുളള നടന്‍ രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കി. രജനി സന്ദേശത്തോടൊപ്പം പങ്കുവെച്ച വീഡിയോയില്‍ വ്യാജ ഉളളടക്കവും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീഡിയോ നീക്കിയത്.

വൈറസിനെ നശിപ്പിക്കാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കണമെന്നാണ് രജനികാന്തും വീഡിയോയിലൂടെ പറയുന്നത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും വൈറസ് ബാധ ദിവസങ്ങളോളം ഉപരിതലത്തില്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ അടക്കം ശാസ്ത്രലോകത്തെ പലരും വിശദമാക്കിയിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്വിറ്റര്‍ രജനികാന്തിന്റെ വീഡിയോ നീക്കം ചെയ്തത്.

സമാനമായ പ്രചാരണമാണ് നടന്‍ മോഹന്‍ലാലും നടത്തിയത്. ജനതാകര്‍ഫ്യൂ വിജയിപ്പിക്കണമെന്നും അതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടക്കുന്ന ക്ലാപ്പിങ് ഒരു മന്ത്രമാണെന്നും അതില്‍ ബാക്ടീരിയകളും വൈറസുകളും നശിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'തീര്‍ച്ചയായിട്ടും ഇന്ന് വൈകീട്ട് ഒമ്പത് മണി വരേ നില്‍ക്കുകയും, വൈകീട്ട് അഞ്ച് മണിക്ക് നമ്മള്‍ എല്ലാംകൂടി ക്ലാപ്പ് ചെയ്യുന്നത് വലിയ ഒരു പ്രോസസ് ആണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരയും വൈറസുമെല്ലാം നശിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോകട്ടെ. എല്ലാവരും സഹകരിക്കണം'. മോഹന്‍ലാന്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ പ്രതികരണത്തിനെതിരേ വ്യാപക വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നത്.

Tags:    

Similar News