നിയോകോവിനെ ഭയക്കേണ്ടതുണ്ടോ? ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ
നിയോകോവിനെ ഭയപ്പെടണമെന്നും എന്നാല്‍, മരണനിരക്കും വ്യാപനവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ജനീവ: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' (NeoCoV) എന്ന പുതിയതരം വൈറസ് അതിമാരകമാണെന്നാണ് ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം വുഹാന്‍ ഗവേഷകരുടേത് വ്യാജ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി മറ്റു ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്. വവ്വാലുകളില്‍നിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാധ്യതയും നിലവില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ലബോറട്ടറി പരീക്ഷണങ്ങളില്‍ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകര്‍ പറയുന്നു.
അതിനിടെ, നിയോകോവിനെ ഭയപ്പെടണമെന്നും എന്നാല്‍, മരണനിരക്കും വ്യാപനവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് ഭീഷണിയാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. അതിനായി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പുതിയ വേരിയന്റിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ട വുഹാന്‍ യൂണിവേഴ്‌സിറ്റി, ഇത് ഏറെ അപകടകാരിയാണെന്നും ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ കണ്ടെത്തിയ നിയോകോവ് മനുഷ്യരിലേക്ക് പകരുമെന്നുമാണ് അവകാശപ്പെടുന്നത്. നേരത്തേ, ഇത് മനുഷ്യരിലേക്ക് പടരുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പുതിയ പഠനത്തിലാണ് ഇത് മനുഷ്യരെയും ബാധിക്കുമെന്ന് കണ്ടെത്തിയത്. ഒരു ജനിതക മാറ്റം കൂടി സംഭവിച്ചാല്‍ മനുഷ്യന് ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും അപകടകാരിയായി നിയോകോവ് മാറുമെന്നാണ് ചൈനീസ് ഗവേഷകരുടെ മുന്നറിയിപ്പ്.
എന്നാല്‍ ഇത് പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മനുഷ്യരിലേക്ക് ഈ വൈറസ് പടരുമെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.