ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,822 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുദിവസം മാത്രം 220 പേര്‍ മരിക്കുകയും 10,004 പേര്‍ രോഗമുക്തരാവുകയും ചെയ്തു. മൊത്തം രോഗമുക്തരായവരുടെ എണ്ണം 3,40,79,612 ആയി. രാജ്യത്തെ ആകെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 95,014 ആയി. 554 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കേസുകളാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ സജീവ കേസുകള്‍ മൊത്തം കേസുകളുടെ 1 ശതമാനത്തില്‍ താഴെയാണ്.
നിലവില്‍ 0.27 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. മൊത്തത്തിലുള്ള കൊവിഡ് മുക്തി നിരക്ക് നിലവില്‍ 98.36 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ആശങ്കാജനകമായ പുതിയ കൊവിഡ് വകഭേദം കേസുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഒമിക്രോണിന്റെ എണ്ണം ക്രമാനുഗതമായി ഉയരുകയാണ്.
മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ജയ്പൂരില്‍ ഒമ്പത് പേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ എണ്ണം 21 ആയി. 128.76 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനവുമാണ്. 91 പുതിയ വൈറസ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ രോഗികളുടെ എണ്ണം 5,69,962 ആയി. ഒരു മരണം കൂടിയായപ്പോള്‍ ആകെ മരണസംഖ്യ 11,589 ആയി ഉയര്‍ന്നു. താനെയിലെ കൊവിഡ് മരണനിരക്ക് ഇപ്പോള്‍ 2.03 ശതമാനമാണ്.