ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയെന്ന് ബ്രിട്ടന്‍
വൈറസിന്റ അപകടസാധ്യത തിരിച്ചറിഞ്ഞതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ ദക്ഷിണാഫ്രിക്കയിലും അഞ്ച് അയൽരാജ്യങ്ങളിലും നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കുന്നതായി ബ്രിട്ടന്‍ പ്രഖ്യാപിച്ചു.
ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയെന്ന് ബ്രിട്ടന്‍. വേഗത്തില്‍ പടര്‍ന്നു പിടിക്കുകയും വാക്‌സിനുകളുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുകയും ചെയ്യുന്ന ഈ വകഭേദം മഹാമാരിക്കെതിരായ പോരാട്ടത്തെ തടസ്സപ്പെടുത്തുമെന്ന് ബ്രിട്ടന്‍ ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ തിരിച്ചറിഞ്ഞ ഈ വകഭേദം ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു. ബി.1.1.529 എന്ന് അറിയപ്പെടുന്ന പുതിയ വകഭേദത്തിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ നിലവില്‍ വാക്‌സിനുകള്‍ അടിസ്ഥാനമാക്കിയ യഥാര്‍ഥ കൊറോണ വൈറസില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ വൈറസിന്റെ അതിവേഗ വ്യാപനത്തിനു കാരണമായതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
വൈറസിന്റ അപകടസാധ്യത തിരിച്ചറിഞ്ഞതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, ലെസോത്തോ, ഈശ്വതിനി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കുന്നതായി ബ്രിട്ടന്‍ പ്രഖ്യാപിച്ചു. ആ സ്ഥലങ്ങളില്‍ നിന്ന് മടങ്ങുന്ന ബ്രിട്ടീഷ് യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ, ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കാന്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആരോഗ്യ മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിരുന്നു.
'ഇതുവരെ ഞങ്ങള്‍ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട വൈറസ് വകഭേദമാണിത്. ഈ വേരിയന്റിന്റെ സംക്രമണക്ഷമത, തീവ്രത, വാക്‌സിന്‍ സാധ്യത എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍ അടിയന്തിര ഗവേഷണം നടക്കുന്നുണ്ട്' യുകെഎച്ച്എസ്എ ചീഫ് എക്‌സിക്യൂട്ടീവ് ജെന്നി ഹാരിസ് അറിയിച്ചു. ഗണ്യമായ എണ്ണം മ്യൂട്ടേഷനുകള്‍ ഉണ്ടെന്ന് മനസ്സിലായെന്നും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വളരെ വേഗത്തിലാണ് പുതിയ വൈറസ് പ്രവര്‍ത്തിക്കുന്നതെന്നും ബ്രിട്ടന്‍ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ബോട്‌സ്വാനയിലും ഹോങ്കോങ്ങിലും ഈ വേരിയന്റ് കണ്ടെത്തിയെങ്കിലും ബ്രിട്ടനില്‍ ഇതിന്റെ കേസുകളൊന്നും ഇതുവരെ സ്ഥിരീകരിച്ചില്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു.