നവീന്‍ ബാബുവിന്റെ മരണം: റവന്യു ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കും; പോലിസിന് പരാതി നല്‍കി സഹോദരന്‍
കണ്ണൂരില്‍ ഇന്നും കോണ്‍ഗ്രസും മുസ്‌ലിം ലീഗും എസ്ഡിപിഐയും പ്രതിഷേധങ്ങള്‍ നടത്തും.
പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ ഇന്നെത്തിക്കും. നാളെ രാവിലെ പത്തിന് പത്തനംതിട്ട കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വക്കും. ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടത്തും. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് റവന്യൂ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കും. ജോലിയില്‍ നിന്ന് വിട്ടുനിന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുക.
അതേസമയം, കണ്ണൂരില്‍ വന്‍ പ്രതിഷേധമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നും കോണ്‍ഗ്രസും മുസ്‌ലിം ലീഗും എസ്ഡിപിഐയും പ്രതിഷേധങ്ങള്‍ നടത്തും. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്ന് മാര്‍ച്ച് നടത്തും.
നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പത്തനംതിട്ടയിലെ മലയാലപ്പുഴ പഞ്ചായത്തില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതായി സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ വ്യക്തിക്കും എതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.