കളങ്കിത പോലിസുദ്യോഗസ്ഥരുടെ വിവരം നല്‍കണം; മുപ്പതുദിവസത്തിനകം അവരുടെ പേര് വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി

അതേസമയം, നിലവില്‍ അന്വേഷണം നേരിടുന്ന പോലിസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറേണ്ടതില്ല. കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പാകുംവരെയും പേരും പദവിയും മറ്റും വിവരാവകാശ അപേക്ഷകന് നല്‍കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Update: 2021-03-30 02:14 GMT

കൊച്ചി: കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പോലിസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം അപേക്ഷകന് നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ക്രമക്കേടിന്റെയും മനുഷ്യാവകാശലംഘനത്തിന്റെയും പേരില്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കപ്പെട്ട പോലിസുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കണം. മുപ്പതുദിവസത്തിനകം അങ്ങനെയുള്ളവരുടെ പേര് വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ നിര്‍ദേശം നല്‍കി.

അതേസമയം, നിലവില്‍ അന്വേഷണം നേരിടുന്ന പോലിസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറേണ്ടതില്ല. കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പാകുംവരെയും പേരും പദവിയും മറ്റും വിവരാവകാശ അപേക്ഷകന് നല്‍കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റക്കാരെന്ന് തെളിഞ്ഞവരുടെയും നടപടിക്ക് വിധേയരായവരുടെയും വിവരം രഹസ്യമാക്കിവെക്കാന്‍ അധികാരികള്‍ക്ക് അവകാശമില്ല. വിവരത്തിന്റെ സുതാര്യത, പൊതുതാത്പര്യസംരക്ഷണം എന്നിങ്ങനെ വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയാവണം നടപടിയെന്നും കോടതി ഓര്‍മിപ്പിച്ചു.

കുറ്റക്കാരായ പോലീസുദ്യോഗസ്ഥരുടെ വിവരം നല്‍കാനുള്ള സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാന ക്രൈംറെക്കോഡ്‌സ് ബ്യൂറോയിലെ വിവരാവകാശ പൊതുഅധികാരിയും അപ്പീല്‍ അധികാരിയും ചേര്‍ന്ന് നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ചുകൊണ്ടാണീ വിധി. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകനായ ആര്‍ രാധാകൃഷ്ണനാണ് പോലിസുദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടത്. കുറ്റാരോപിതനായി അന്വേഷണം നേരിടുന്ന ഘട്ടത്തിലുള്ള പോലിസുദ്യോഗസ്ഥരെക്കുറിച്ചുള്ളതൊഴിച്ച് കുറ്റക്കാരനെന്ന് തെളിഞ്ഞവരുടെ വിവരങ്ങള്‍ നല്‍കാനായിരുന്നു രാധാകൃഷ്ണന്റെ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.

ക്രൈം റെക്കോഡ്‌സ് ബ്യൂറോയെ വിവരാവകാശ കമ്മിഷന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. വിവരം നല്‍കുന്നത് പോലിസ് സേനയുടെ ആത്മവീര്യത്തെ ബാധിക്കുമെന്നും വാദിച്ചു. വിവരം ലഭിക്കാന്‍ സാധാരണക്കാര്‍ക്ക് അവകാശമുണ്ടെന്നും അതാണ് ജനാധിപത്യത്തിന്റെ അന്തസ്സത്തയെന്നും വിവരാവകാശ കമ്മിഷന്‍ ബോധിപ്പിച്ചു.

പോലീസിലെ കുറ്റവാളികള്‍ ആരൊക്കെയെന്നും അവരുടെ പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെന്തെന്നും അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നുതന്നെയാണ് അപേക്ഷകനും വാദിച്ചത്.

Tags:    

Similar News