പത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാവാത്തവര്‍
പത്തനംതിട്ട: കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൊത്തം 60 പ്രതികളുണ്ടെന്ന് പോലിസ്. ഒമ്പത് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും രണ്ട് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡിവൈഎസ്പി നന്ദകുമാര്‍ പറഞ്ഞു. ചെന്നൈയില്‍ നിന്നും കല്ലമ്പലത്തുനിന്നും രണ്ട് പ്രതികളെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി ഇതുവരെ 49 പേരാണ് പിടിയിലായിട്ടുള്ളത്. ഇതില്‍ അഞ്ചുപ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലയാലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ചെന്നൈയിലായിരുന്നു. അയാളെ അവിടെനിന്നും അറസ്റ്റുചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കല്ലമ്പലത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കേസിലെ പ്രതിയും അറസ്റ്റിലായിട്ടുള്ളതായി പോലിസ് അറിയിച്ചു. ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.
പിന്നീട് കല്ലമ്പലത്തെ ഒരു ബന്ധുവിന്റെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ അവിടെയെത്തി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. അമ്പലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ടയില്‍ നിന്നും പോയ പോലിസ് സംഘമാണ് ചെന്നൈയില്‍ നിന്നും അറസ്റ്റുചെയ്തത്. അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട സ്‌റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്.