'വിദ്വേഷ പ്രസംഗങ്ങളെ പിന്തുണയ്ക്കാനാവില്ല'; ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതായി പുലിറ്റ്‌സര്‍ ജേതാവ്
ന്യൂയോര്‍ക്ക്: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്വേഷ പ്രസംഗങ്ങളെ പിന്തുണയ്ക്കാനാവില്ലെന്നും അതിനാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണെന്നും പ്രശസ്ത എഴുത്തുകാരനും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ സിദ്ധാര്‍ത്ഥ മുഖര്‍ജി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ട്രംപ് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇന്തോ-അമേരിക്കന്‍ ഫിസിഷ്യനും എഴുത്തുകാരനുമായ സിദ്ധാര്‍ത്ഥ മുഖര്‍ജിയുടെ നടപടി.
'ഞാന്‍ ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ പോവുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ് വിദ്വേഷ പ്രസംഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥാപനത്തെ പിന്തുണയ്ക്കാന്‍ തനിക്കാവില്ല'' എന്നാണ് സിദ്ധാര്‍ത്ഥ മുഖര്‍ജി ട്വീറ്റ് ചെയ്തത്. 'അക്രമങ്ങള്‍ക്കു നടുവില്‍നിന്ന് നിഷ്പക്ഷതയുടെ മുഖം മൂടിയണിയുന്നതും അക്രമം തന്നെയാണ്. ബൈ ബൈ ഫേസ്ബുക്ക്, ബൈ ബൈ ഇന്‍സ്റ്റഗ്രാം. കൂടുതല്‍ പോസ്റ്റുകളിടില്ല,' എന്നും സിദ്ധാര്‍ത്ഥ വ്യക്തമാക്കി.
ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പോസ്റ്റ് ചെയ്ത വിദ്വേഷജനകമായ പോസ്റ്റുകള്‍ക്കെതിരേ ഫേസ്ബുക്ക് അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ഫേസ്ബുക്ക് ജീവനക്കാര്‍ പ്രതിഷേധിക്കുകയും വെര്‍ച്വല്‍ വോക്ക് ഔട്ട് നടത്തുകയും ചെയ്തിരുന്നു. കൊലപാതകത്തിനെതിരേ ദിവസങ്ങള്‍ പിന്നിടുമ്പോഴും അമേരിക്കയില്‍ ട്രംപിനെതിരേ രൂക്ഷമായ പ്രതിഷേധം തുടരുകയാണ്. അര്‍ബുദ രോഗ വിഭാഗം പ്രഫസറായ സിദ്ധാര്‍ത്ഥ മുഖര്‍ജിക്ക് 2011ലാണ് ജനറല്‍ നോണ്‍ഫിക്ഷന്‍ വിഭാഗത്തില്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. ദ എംപറര്‍ ഓഫ് ഓള്‍ മാലെഡീസ്: എ ബയോഗ്രഫി ഓഫ് കാന്‍സര്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.