ഹിജാബ്: പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പങ്കുവച്ച് ബിജെപി; വിവാദമായപ്പോള്‍ ട്വീറ്റ് പിന്‍വലിച്ച് തലയൂരി
പെണ്‍കുട്ടികളുടെ ജീവനു പോലും ഭീഷണി ഉയര്‍ത്തിയ ഈ നടപടിക്കെതിരേ കടുത്ത പ്രതിഷേധമുയര്‍
ബെംഗളൂരു: ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ഥിനികളുടെ വിവരങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പരസ്യപ്പെടുത്തി ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പെണ്‍കുട്ടികളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൈബര്‍ വേട്ടയ്ക്കു സഹായിക്കുംവിധം പങ്കുവച്ചത്. പെണ്‍കുട്ടികളുടെ ജീവനു പോലും ഭീഷണി ഉയര്‍ത്തിയ ഈ നടപടിക്കെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നതോടെയാണ് ട്വീറ്റ് പിന്‍വലിച്ചത് ബിജെപി തടിയൂരിയത്.
കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കതീലിന്റെ ട്വിറ്റര്‍ പേജിലും പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പങ്ക് വച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇതും പിന്‍വലിച്ചു. ഇംഗ്ലീഷിലും കന്നഡയിലും ബിജെപി ട്വീറ്റുകള്‍ ചെയ്തിരുന്നു. ഹിജാബ് വിവാദത്തിലുള്ള അഞ്ച് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരാണ്.
'രാഷ്ട്രീയത്തിന് വേണ്ടി ചെറിയ കുട്ടികളെ ഉപയോഗിക്കുന്നതില്‍ സോണിയക്കും രാഹുലിനും പ്രിയങ്കയ്ക്കും പ്രശ്‌നമില്ലേ. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തരംതാണ കളിയാണ് നടക്കുന്നത്. ഇതാണോ പ്രിയങ്ക ഗാന്ധി ഉദ്ദേശിക്കുന്ന ലഡ്കി ഹൂ ലഡ് ശക്തി ഹൂന്‍ പദ്ധതി'... ഉഡുപ്പിയിലെ വിദ്യാര്‍ഥിനികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയ ട്വീറ്റിനൊപ്പം ബിജെപി കുറിച്ചത് ഇങ്ങനെയായിരുന്നു.
അതേസമയം, ബിജെപിയുടെ മാന്യതയില്ലാത്ത ട്വീറ്റിനെതിരേ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. കൊച്ചുകുട്ടികളുടെ വിലാസം പങ്കുവച്ചാണോ പ്രതിപക്ഷത്തെ ആക്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.ഇതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ബിജെപിക്കെതിരേ നടപടിയെടുക്കാന്‍ കര്‍ണാടക പോലീസ് തയ്യാറാകണമെന്നും കേന്ദ്രസര്‍ക്കാരും ട്വിറ്ററും വിഷയത്തില്‍ ഇടപെടണമെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു.
കുട്ടികളുടെ വിവരങ്ങള്‍ പരസ്യമാക്കിയത് ക്രിമിനല്‍ കുറ്റമാണ്. ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണിത്. ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടണെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു. ഹിജാബ് ധരിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നതോടെ കര്‍ണാടകയിലെ സാമൂഹിക അന്തരീക്ഷം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിജെപി സമരത്തിലുള്ള പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പരസ്യമാക്കിയത്. ഇത് കുട്ടികള്‍ നിരന്തരം വേട്ടയാടപ്പെടാന്‍ ഇടയാക്കുമെന്നും അവരുടെ ജീവന് തന്നെ ഭീഷണിയാണെന്നും വിമര്‍ശനം ഉയര്‍ന്നു.