പുല്‍വാമ ആക്രമണം 'വലിയ വിജയം'; പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങള്‍ നേരത്തേ അറിഞ്ഞു; അര്‍ണബിനെതിരേ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്
കഴിഞ്ഞ ദിവസം ചോര്‍ന്ന ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ന്യൂഡല്‍ഹി: 40 ജവാന്‍മാരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നേരത്തേ അറിഞ്ഞതിന്റെ തെളിവുകള്‍ പുറത്ത്. പുല്‍വാമ ആക്രമണം ആഘോഷിച്ചു കൊണ്ടുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം ചോര്‍ന്ന ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
2019 ഫെബ്രുവരി രണ്ടിന് പുല്‍വാമ ആക്രമണമുണ്ടായ ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ 20 മിനുട്ടിനുള്ളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീകാരാക്രമണം കശ്മീരില്‍ നടക്കാന്‍ പോവുകയാണെന്ന് അര്‍ണാബ് പറയുന്നുണ്ട്. 'ഈ ആക്രമണത്തില്‍ നമ്മള്‍ വിജയിച്ചെ'ന്ന് അര്‍ണബ് പറയുന്നുണ്ട്.
അന്നേദിവസം തന്നെ നടന്നതായി കരുതപ്പെടുന്ന ചാറ്റ് വിവരത്തില്‍ മോദിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ 'മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും' എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണാബിന് ബാര്‍ക്ക് സിഇഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.
അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ആ വര്‍ഷം ഫെബ്രുവരി 26നാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ട് ആക്രമണം ഇന്ത്യ നടത്തുന്നത്.ബിജെപി ആ വര്‍ഷവും തിരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.
യൂട്യൂബറും വ്‌ളോഗറുമായ ധ്രുവ് റാഠി, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ, പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ടും നേരത്തെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. തട്ടിപ്പിലൂടെ ചാനല്‍ റേറ്റിങ് കൂട്ടാന്‍ റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി ശ്രമിച്ചതിന്റെ വാട്‌സാപ് ചാറ്റുകളാണ് പുറത്തുവന്നത്.
റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സിലിന്റെ (ബാര്‍ക്) മുന്‍ സിഇഇ പാര്‍ഥോ ദാസുമായി നടത്തിയതായി പറയുന്ന ചാറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലും കേന്ദ്രത്തിലുമുള്ള അര്‍ണബിന്റെ ബന്ധവും അധികാര ദല്ലാളായി നടത്തിയ ഇടപെടലുകളും സൂചിപ്പിക്കുന്നു. പുറത്തായ ചാറ്റുകള്‍ 500 പേജ് വരുമെന്നാണു റിപ്പോര്‍ട്ടുകള്‍. റേറ്റിങ് തട്ടിപ്പു കേസില്‍ പാര്‍ഥോ ദാസ് ജയിലിലാണ്.
സെറ്റ് ടോപ് ബോക്‌സുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അര്‍ണബിനോട് അഭ്യര്‍ഥിക്കുന്നന്നതും ചാറ്റില്‍ ഉണ്ട്. ട്രായ് പദ്ധതി നടപ്പായാല്‍ റിപ്പബ്ലിക് ചാനലിനും ബിജെപിക്കും തിരിച്ചടിയാകുമെന്നും പറയുന്നു. എല്ലാ മന്ത്രാലയങ്ങളും തങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശവും പ്രചരിക്കുന്നതില്‍ ഉള്‍പ്പെടും.