പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടും
ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന രംഗത്തെത്തി. സമൂഹവ്യാപനം നടന്നു എന്നതരത്തില്‍ തങ്ങളുടെ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയത് പിഴവുമൂലമാണന്നും ഡബ്ലുഎച്ച്ഒ വ്യക്തമാക്കി.
ചണ്ഡീഗഡ്: ഒഡീസയ്ക്ക് പിന്നാലെ പഞ്ചാബും ലോക്ക്ഡൗണ്‍ നീട്ടി. കൊവിഡ് വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മെയ് ഒന്നുവരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ തന്നെ പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മന്ത്രിസഭാ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. പഞ്ചാബില്‍ കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു. പഞ്ചാബില്‍ നിലവില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 27പേര്‍ക്ക് വിദേശ യാത്രയോ രോഗി സമ്പര്‍ക്കമോ ഇല്ലാതെയാണ് കൊറോണ ബാധിച്ചത്. സമുഹ വ്യാപനത്തിലൂടെയാകാം ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
സമൂഹ വ്യാപനമുണ്ടായാല്‍ ഇന്ത്യയിലെ 80-85% പേര്‍ക്ക് രോഗം ബാധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ കണക്കുകൂട്ടുന്നത്. സെപ്തംബര്‍ ആകുമ്പോഴേക്കും മരണസംഖ്യ കുത്തനെ ഉയരാമെന്നും സൂചിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് ഭീകരമായ അവസ്ഥയായിരിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കുന്നു. ഇതുവരെ പഞ്ചാബില്‍ 132 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ മരിക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന രംഗത്തെത്തി. സമൂഹവ്യാപനം നടന്നു എന്നതരത്തില്‍ തങ്ങളുടെ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയത് പിഴവുമൂലമാണന്നും ഡബ്ലുഎച്ച്ഒ വ്യക്തമാക്കി. ഇന്ത്യയില്‍ ഒരുകൂട്ടം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അത് സമൂഹവ്യാപനമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.