ഛണ്ഡീഗഢ്: പഞ്ചാബിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ഛണ്ഡിഗഢിലെ പഞ്ചാബ് സിവില്‍ സെക്രട്ടേറിയറ്റില്‍ രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം ചേരും. വോട്ട് ഓണ്‍ അക്കൗണ്ട് ബജറ്റും പുതിയ എക്‌സൈസ് നയവും കൊണ്ടുവരുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്‍ നിയമസഭാംഗങ്ങളായിരുന്ന ഹര്‍പാല്‍ സിങ് ചീമ, അമന്‍ അറോറ, കുല്‍താര്‍ സാന്ധവന്‍, സരവ്ജിത് കൗര്‍ മനുകെ, ഗുര്‍മീത് സിങ് മീത് ഹയര്‍, ബല്‍ജീന്ദര്‍ കൗര്‍, ആദ്യതവണ എംഎല്‍എമാരായ കുന്‍വര്‍ വിജയ് പ്രതാപ് സിങ്, ജീവന്‍ജോത് കൗര്‍, ഡോ. ചരണ്‍ജിത് സിങ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 18 അംഗ പഞ്ചാബ് മന്ത്രിസഭയാണുണ്ടാവുക.
തുടക്കത്തില്‍ ആറ് മുതല്‍ ഏഴ് വരെ മന്ത്രിമാരെയാണ് പാര്‍ട്ടി ആദ്യം ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം ബാക്കിയുള്ള മന്ത്രിമാരെ ഉള്‍പ്പെടുത്താനായിരുന്നു പാര്‍ട്ടി തീരുമാനം. മുഖ്യമന്ത്രി ഭഗവന്ത് മന്നും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍, ചില എംഎല്‍എമാരുടെ എതിര്‍പ്പ് ഇതിന് തടസ്സമാവുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. മാര്‍ച്ച് 16നാണ് ഭഗത് സിങ്ങിന്റെ ഗ്രാമമായ പഞ്ചാബിലെ ഖത്കര്‍ കലനില്‍ നടന്ന ചടങ്ങില്‍ ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.