എന്‍ എം വിജയന്റെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ വിധി ശനിയാഴ്ച
വയനാട്: വയനാട് ഡിസിസി ഖജാഞ്ചിയായിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ശനിയാഴ്ച. കേസില്‍ വാദം പൂര്‍ത്തിയായി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ പ്രസിഡന്റ് പൗലോസ്, ഭാരവാഹി കെ കെ ഗോപിനാഥ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്.
വിജയന്റെ മരണത്തില്‍ ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പിന്നീട് ആത്മഹത്യാപ്രേരണക്കുറ്റം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് എന്‍എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. വിജയന്റെ കത്ത് പരിശോധിച്ചതിലൂടെയാണ് ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തിയത്. കല്‍പറ്റ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.