പഞ്ചാബിന്റെ മനസ് ആര്‍ക്കൊപ്പം?; മൂന്നാം ഘട്ടത്തിന് വിധിയെഴുതാന്‍ യുപി ജനതയും

വാശിയേറിയ പരസ്യപ്രചരണത്തിന് കലാശക്കൊട്ട് വീണതോടെ ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്റേതാണ്. അവസാന വട്ട വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.

Update: 2022-02-19 02:57 GMT
ചണ്ഡിഖഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും അനുനിമിഷം നുരഞ്ഞ് പൊങ്ങുകയാണ് പഞ്ചാബിലും ഉത്തര്‍ പ്രദേശിലും. ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നതെങ്കില്‍ പഞ്ചാബില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വാശിയേറിയ പരസ്യപ്രചരണത്തിന് കലാശക്കൊട്ട് വീണതോടെ ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്റേതാണ്. അവസാന വട്ട വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.


പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ മടിച്ചു നിന്നിരുന്ന അകാലിദളും പ്രചരണത്തില്‍ സജീവമായതോടെ പഞ്ചാബില്‍ ശക്തമായ ചതുഷ്‌കോണ മല്‍സരമാണ്. ആം ആദ്മി പാര്‍ട്ടി വന്‍ വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അധികാരം നിലനിര്‍ത്താനുള്ളവ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.

അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കും

അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കുമെന്നാണ് വിലയിരുത്തലുകള്‍. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന വിലയിരുത്തലുകളും ഉയര്‍ന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ്, ബിജെപിയുമായി ചേര്‍ന്ന് പുതിയ പരീക്ഷണത്തിലാണ്. താരമണ്ഡലങ്ങള്‍, മുമ്പെങ്ങുമില്ലാത്ത കടുത്തപോരിലൂടെയാണ് കടന്നുപോകുന്നത്. പിസിസി അധ്യക്ഷന്‍ നവജ്യോത് സിദ്ദുവും ഉപമുഖ്യമന്ത്രി ഓ പി സോണിയും എതിരാളികളില്‍ നിന്നും വലിയ വെല്ലുവിളിയാണ് നേരിടുണ്ട്.

ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പഞ്ചാബില്‍ തിരശ്ശീല വീണത്. പ്രമുഖ പാര്‍ട്ടികളുടെ റോഡ് ഷോയോടെയാണ് പരസ്യ പ്രചാരണത്തിന് കലാശക്കൊട്ടായത്.

രാഷ്ട്രീയ കൊടുങ്കാറ്റായി ഖാലിസ്ഥാന്‍ വിവാദം

അവസാന ദിവസം വലിയ ചര്‍ച്ചയായി മാറിയത് ഖാലിസ്ഥാന്‍ പരാമര്‍ശവും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുമാണ്. കെജ്രിവാളിനെതിരായ കുമാര്‍ ബിശ്വാസിന്റെ ഖാലിസ്ഥാന്‍ ആരോപണം കോണ്‍ഗ്രസും ബിജെപിയും ഒരേ പോലെ ഏറ്റെടുത്ത് ചര്‍ച്ചയാക്കി. ഭീകരനെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നായിരുന്നു ദില്ലി മുഖ്യമന്ത്രി തിരിച്ചടിച്ചത്. രാഹുല്‍ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്ന ആരോപണവും ക്രെജ്രിവാള്‍ അഴിച്ചുവിട്ടു. ചന്നിയുടെ ഭയ്യ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കെജ്രിവാളിനെതിരായ കുമാര്‍ വിശ്വാസിന്റെ ആരോപണം രാഷ്ട്രീയ കൊടുങ്കാറ്റായത്.

ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് കോണ്‍ഗ്രസും ബിജെപിയും ഉന്നമിടുന്നത്. അതിനിടെ വാഗ്ദാന പെരുമഴയുമായി കോണ്‍ഗ്രസ് പ്രകടനപത്രികയും പുറത്തിറക്കി. സത്രീകള്‍ക്ക് പ്രതിമാസം 1100 രൂപ വീതം നല്‍കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. സ്‌കൂളുകളിലും കോളജുകളിലും സൗജന്യ വിദ്യാഭ്യാസം അടക്കം വാഗ്ദാനങ്ങളടങ്ങുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് ജനവിധി തേടുന്ന 1304 സ്ഥാനാര്‍ഥികളില്‍ 93 പേര്‍ വനിതകളാണ്.

യുപിയില്‍ ആരു വാഴും?

അതേസമയം, ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണമാണ് അവസാനിച്ചത്. 16 ജില്ലകളിലെ 59 മണ്ഡലങ്ങളാണ് ഞായറാഴ്ച വിധിയെഴുതുന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, പിതൃസഹോദരന്‍ ശിവ് പാല്‍ സിംഗ് യാദവ് തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ തട്ടകങ്ങളായിരുന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെയാണ് പിന്തുണച്ചത്. 2017ല്‍ ബിജെപി 49 സീറ്റ് നേടിയപ്പോള്‍ സമാജ് വാദി പാര്‍ട്ടിക്ക് 9 ഉം കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് കിട്ടിയത്. അതുകൊണ്ടുതന്നെ പ്രതാപം തിരിച്ചുപിടിക്കാനാണ് എസ് പിയുടെ ശ്രമം.

16 ജില്ലകളിലെ രണ്ട് കോടി 15 ലക്ഷം വോട്ടര്‍മാരാണ് ഉത്തര്‍പ്രദേശിലെ മൂന്നാം ഘട്ടത്തില്‍ നാളെ ജനവിധി തേടുന്നത്. 59 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ 49 ഉം നേടിയത് ബിജെപിയായിരുന്നു. 29 സീറ്റുകള്‍ യാദവ ശക്തികേന്ദ്രമാണ്. ബിജെപിയും എസ്പിയും നേര്‍ക്ക് നേര്‍ പോരാടുമ്പോള്‍ അഖിലേഷ് യാദവിന്റെ മത്സരമാണ് രാജ്യശ്രദ്ധ നേടുന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷനായ അഖിലേഷിനെ നേരിടാന്‍ കേന്ദ്രമന്ത്രി എസ് പി സിങിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.

Tags:    

Similar News