സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാനുള്ള ഉത്തരവ് പഞ്ചാബ് പിന്‍വലിച്ചു

കോവാക്‌സിന്‍ ഡോസുകള്‍ വന്‍തുകയ്ക്കു നല്‍കുന്നുവെന്ന അകാലിദളിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി.

Update: 2021-06-04 12:10 GMT
ന്യൂഡല്‍ഹി: 18-44 വയസ് പ്രായമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലൂടെ ഒറ്റത്തവണ പരിമിത വാക്‌സിന്‍ ഡോസ് നല്‍കാനുള്ള ഉത്തരവ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. കോവാക്‌സിന്‍ ഡോസുകള്‍ വന്‍തുകയ്ക്കു നല്‍കുന്നുവെന്ന അകാലിദളിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച ഉത്തരവ് പിന്‍വലിക്കുന്നതായി വാക്‌സിനേഷന്റെ സംസ്ഥാന ചുമതലയുള്ള വികാസ് ഗാര്‍ഗ് അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ലഭ്യമായ എല്ലാ വാക്‌സിന്‍ ഡോസുകളും ഉടന്‍ തിരിച്ചുനല്‍കണമെന്നും ഉത്തരവില്‍ അറിയിച്ചുണ്ട്. അകാലിദളിന്റെ ആരോപണങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് നടപടി.

    'ഒരു ഡോസിന് 400 രൂപയ്ക്ക് വാങ്ങിയ വാക്‌സിനുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 1,060 രൂപയ്ക്ക് വില്‍ക്കുന്നുവെന്നും ഒരു ഡോസിന് 660 രൂപ അധികമായി ഈടാക്കുന്നുവെന്നുമാണ് എന്‍ഡിടിവി റിപോര്‍ട്ട് പരാമര്‍ശിച്ച് അകാലിദള്‍ മേധാവി സുഖ്ബീര്‍ ബാദല്‍ ട്വീറ്റ് ചെയ്തത്. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തും അയച്ചിരുന്നു. തുടര്‍ന്ന് റിപോര്‍ട്ടിന്റെ ആധികാരികയും കൃത്യത സ്ഥിരീകരിച്ച് ഇക്കാര്യത്തില്‍ ഉടന്‍ തന്നെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് വ്യക്തത നല്‍കാനും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്ത് നല്‍കിയിരുന്നു.

    എന്നാല്‍, വാക്‌സിനുകളുടെ നിയന്ത്രണം തന്റെ വകുപ്പിനല്ലെന്നാണ് പഞ്ചാബ് ആരോഗ്യമന്ത്രി ബി എസ് സിദ്ധു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. 'വാക്‌സിനുകളുടെ നിയന്ത്രണം എനിക്കല്ല. ചികില്‍സ, പരിശോധന, കൊവിഡ് 19 ന്റെ സാംപിള്‍, വാക്‌സിനേഷന്‍ ക്യാംപുകള്‍ എന്നിവയുടെ ചുമതലയാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

    40,000 ഡോസ് കോവാക്‌സിന്‍ വന്‍ വ്യത്യാസത്തില്‍ വില്‍പ്പന നടത്തിയതായി നേരത്തേ സുഖ്ബീര്‍ ബാദല്‍ ആരോപിച്ചത് വന്‍ വിവാദമായിരുന്നു. 400 രൂപയ്ക്ക് ഒരു ഡോസ് വാങ്ങുന്നത് 1,060 രൂപയ്ക്കാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റത്. ആശുപത്രികള്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഡോസിന് 1,560 രൂപയ്ക്കാണ് നല്‍കിയതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടികളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും സംസ്ഥാന ആരോഗ്യമന്ത്രി ബി എസ് സിദ്ധുവിനെതിരേ ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Punjab Withdraws Order To Supply Vaccines To Private Hospitals

Tags:    

Similar News