കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കാൻ ഭിന്നതകൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി ഇറങ്ങുക: സൗമ്യ ദത്ത
സമ്മേളനം സമര-പ്രകൃതി ദുരന്ത മേഖലകളിൽനിന്നുള്ളവർ ചേർന്ന് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായി മുഴുവൻ മനുഷ്യരും മാറുമ്പോൾ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒറ്റക്കെട്ടായി അതിനെതിരെ നിലകൊള്ളണമെന്ന ആഹ്വാനവുമായി ദേശീയ കാലാവസ്ഥാ സമ്മേളനം. ദക്ഷിണേഷ്യൻ ജനകീയ പ്രസ്ഥാനങ്ങളുടെ മഴവിൽ സഖ്യമായ 'SAPACC'െന്റ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ നടന്നുവരുന്ന സമ്മേളനത്തിന്റെ രണ്ടാംദിനം രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാലാവസ്ഥാ-പരിസ്ഥിതി പ്രവർത്തകരുടെയും കർഷക പ്രതിനിധികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കേരളത്തിലെ വിവിധ സമര- പ്രകൃതി ദുരന്ത മേഖലകളിൽനിന്നുള്ള പ്രതിനിധികൾ ചേർന്ന് ദുരന്ത പ്രദേശങ്ങളിൽ നട്ടുപിടിപ്പിക്കാനുള്ള ഫലവൃക്ഷത്തൈകൾ ഏറ്റുവാങ്ങി സമ്മേളനത്തിെന്റ ഉദ്ഘാടനം നിർവഹിച്ചു. കരിമണൽ ഖനനം നടന്ന ആലപ്പാടുനിന്നുള്ള കാർത്തിക് ശശി, തോട്ടപ്പള്ളിയിൽ നിന്നുള്ള ബി.ഭദ്രൻ, തീരദേശ ജനങ്ങളുടെ പ്രതിനിധിയായ മാഗ്ലിൻ ഫിലോമിന, ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയിൽ നിന്നുള്ള ബിന്ദു, ശ്രീകുമാർ, മലവെള്ളപ്പാച്ചിൽ അപകടം നടന്ന കൂട്ടിക്കലിലെ ബെന്നി എന്നിവർ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് തമ്പാൻ തോമസിൽ നിന്നും വൃക്ഷത്തെകൾ ഏറ്റുവാങ്ങി.
അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. തൊഴിലാളി വർഗത്തെയും കർഷകരെയും ഇല്ലാതാക്കുന്ന ക്രോണി കാപിറ്റലിസം കൂടുതൽ പിടിമുറുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വേണ്ടത് വികസനത്തിെന്റ തിളക്കമാണെന്നും ആഗോളതാപനത്തിെന്റ ആക്കം കൂട്ടുന്ന വികസനങ്ങൾക്കെതിരായ അവബോധം ഉയർന്നുവന്നില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള താപനം ഉയർത്തുന്ന ഭീഷണികളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കണമെന്നും അതിനായി ഭിന്നതകൾ മാറ്റിവെച്ച് എല്ലാതരം പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ സൗമ്യ ദത്ത ചൂണ്ടിക്കാട്ടി. യു.എൻ ൈക്ലമറ്റ് ടെക്നോളജി നെറ്റ്വർക്കിെന്റ ഉപദേശക സമിതി അംഗമാണ് SAPACCന്റെ സഹ കൺവീനർ കൂടിയായ സൗമ്യ ദത്ത. ഉദ്ഘാടന സമ്മേളനത്തിൽ സി.ആർ നീലകണ്ഠൻ അധ്യക്ഷത വഹിച്ചു.
'കാലാവസ്ഥാ വ്യതിയാനം തകർക്കുന്ന കൃഷി; പ്രകൃത്യാധിഷ്ഠിതമായ പരിഹാരങ്ങൾ'എന്ന വിഷയത്തിൽ വട്ടമേശസമ്മേളനവും നടന്നു. ആക്ടിവിസ്റ്റുകൾ, അക്കാദമിക്കുകൾ എന്നിവരോടൊപ്പം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള കർഷക സംഘടനാ പ്രതിനിധികളും വിവിധ സർവകലാശാലാ വിദ്യാർത്ഥികളും ചർച്ചയിൽ പങ്കെടുത്തു. പഞ്ചാബിൽ നിന്നുള്ള കർഷക നേതാവായ സുഖ്ദേവ് സിംഗ്, സജ്ജൻ കുമാർ, ഡോ. ശ്രീകുമാർ എന്നിവർ സെഷന് നേതൃത്വം നൽകി. കാലാവസ്ഥാ പ്രതിസന്ധിയുയർത്തുന്ന വിവിധ മേഖലകളെക്കുറിച്ച് വിശദമായ ചർച്ചകൾക്കും നയരൂപീകരണത്തിനും ഇന്നും നാളെയും നീളുന്ന സമ്മേളനം വേദിയാവും.
പൊളിസി ടോക്ക്, വിദ്യാർഥികൾക്കുള്ള ൈക്ലമറ്റ് കഫെ തുടങ്ങിയവ വരും ദിവസങ്ങളിൽ നടക്കും. സമാപന ദിവസമായ 18ന് വൈകീട്ട് 3.30 ന് മുതലക്കുളത്തുനിന്ന് ബീച്ചിലേക്ക് മഹാറാലി നടക്കും. സമ്മേളന പ്രതിനിധികളോടൊപ്പം കേരളത്തിലെ വിവിധ ജനീകയ സമര -സംഘടനാ പ്രവർത്തകരും യുവജനങ്ങളും പ്രകടനത്തിൽ അണിനിരക്കും. സൈക്കിൾ റാലിയും ഉണ്ടാവും. സൈക്കിൾ റാലിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 9447615265,9809477058 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
18ന് വൈകീട്ട് അഞ്ചിന് ഫ്രീഡം സ്ക്വയറിനു സമീപത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാക്കളായ രാകേഷ് ടിക്കായത്ത്, യുദ്ധവീർ സിങ്, സത് വീർ സിങ് പഹൽവാൻ എന്നിവർപങ്കെടുക്കും.