പുതുപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്ത്-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായ വിധിയെഴുത്താണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഉപതിരഞ്ഞെടുപ്പ് ഇടതു സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതു തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നിയമന നിരോധനവും പിന്‍വാതില്‍ നിയമനവും ഉള്‍പ്പെടെ ഇടതു സര്‍ക്കാര്‍ തുടരുന്ന ജനവിരുദ്ധ നയങ്ങളില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധമാണ് പുതുപ്പള്ളിയിലൂടെ പുറത്തുവരുന്നത്. വംശീയതയും വിദ്വേഷ രാഷ്ട്രീയവും വഴി അധികാരം നിലനിര്‍ത്താമെന്നു വ്യാമോഹിക്കുന്ന ബിജെപിയുടെ കരണത്തേറ്റ കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ ഫലം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി മണ്ഡലത്തിന്റെ ചിത്രത്തില്‍ പോലും ഇല്ലാതായിരിക്കുന്നു. മണിപ്പൂരിലുള്‍പ്പെടെ നടക്കുന്ന വംശഹത്യക്കെതിരായി ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പൗരാവകാശങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനം രാജ്യത്ത് വളര്‍ന്നു വരുന്നതിലൂടെ മാത്രമേ യഥാര്‍ഥ ബദലിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാവുകയുള്ളൂ. സര്‍ക്കാരിനെതിരായ വിധിയെഴുത്ത് യുഡിഎഫിന് അനുകൂലമായി മാറുകയായിരുന്നെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.