അന്‍വര്‍ നായകനായ നാടകം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്ന് എം വി ഗോവിന്ദന്‍

അന്‍വറിന്റെ യോഗങ്ങളില്‍ പങ്കെടുത്തത് പ്രതിപക്ഷ പാര്‍ട്ടിക്കാര്‍

Update: 2024-10-11 13:26 GMT

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ നായകനാക്കി അരങ്ങേറിയ നാടകം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വര്‍ നടത്തിയ പൊതുയോഗങ്ങളില്‍ പങ്കെടുത്തത് ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അന്‍വര്‍ ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണ റിപോര്‍ട്ട് കിട്ടി മണിക്കൂറുകള്‍ക്കകം എഡിജിപിയെ മാറ്റിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അന്‍വറിന്റെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. സ്ഥാനമാറ്റത്തോടെ മാത്രം ഒന്നും അവസാനിക്കില്ല. ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയില്‍ പ്രചാരണം സംഘടിപ്പിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. കശ്മീരില്‍ മുഹമ്മദ് യൂസുഫ് തരിഗാമിയെ പരാജയപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചു. 1960ല്‍ ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘത്തെ കൂട്ടുപിടിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം നല്‍കിയെന്ന് മേനി നടിക്കുന്നയാളാണ് നിലവിലെ കെപിസിസി അധ്യക്ഷന്‍.

മാത്യു കുഴല്‍നാടന്‍ എംഎല്‍എ അല്‍പ്പം ചരിത്രം പഠിക്കേണ്ടതുണ്ട്. പുഷ്പനെ അപമാനിച്ച നടപടി മാപ്പര്‍ഹിക്കാത്ത കാര്യമാണ്. എം കെ മുനീറിന് സ്വര്‍ണകടത്തുബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരിക്കുന്നു. സ്വര്‍ണകടത്ത കേസുകളില്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. മുഹമ്മദ് ആരിഫ് ഖാന്‍ വെറുമൊരു കെയര്‍ ടേക്കര്‍ ഗവര്‍ണറാണ്. സെപ്റ്റംബര്‍ അഞ്ചിന് കാലാവധി കഴിഞ്ഞ ഗവര്‍ണര്‍ പുതിയ ഗവര്‍ണര്‍ വരുന്നത് വരെ മാത്രമേ തുടരൂയെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News