ഹമാസ് രാജ്യം വിടണമെന്ന് ഖത്തര്‍ നിര്‍ദേശിച്ചതായി റിപോര്‍ട്ട്; അമേരിക്കന്‍ സമ്മര്‍ദ്ദമാണ് കാരണമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ്
ഖത്തര്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ തുര്‍ക്കിയില്‍ ഹമാസ് പുതിയ ഓഫിസ് തുറക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.
വാഷിങ്ടണ്‍: ഹമാസ് നേതാക്കള്‍ രാജ്യം വിടണമെന്ന് ഖത്തര്‍ നിര്‍ദേശം നല്‍കിയതായി റിപോര്‍ട്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് ഖത്തര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഗസയില്‍ തടവിലാക്കിയിരിക്കുന്ന ഇസ്രായേലികളെ വിട്ടുകൊടുക്കുന്നതില്‍ തീരുമാനമുണ്ടാവാത്ത സാഹചര്യത്തിലാണ് അമേരിക്ക ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് റിപോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരുമായി നടന്ന തീക്ഷ്ണമായ ചര്‍ച്ചകള്‍ക്ക് ശേഷം പത്തുദിവസം മുമ്പാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് റിപോര്‍ട്ട് പറയുന്നു.
2012ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ സമയത്താണ് ഡമാസ്‌കസിലെ രാഷ്ട്രീയകാര്യ സമിതി ഓഫിസ് ഹമാസ് പൂട്ടുന്നത്. ഇതോടെ ഹമാസുമായി സംസാരിക്കാനുള്ള ഒരു ചാനല്‍ തുറക്കണമെന്ന് ഖത്തറിന് അമേരിക്ക നിര്‍ദേശം നല്‍കി. അതിന് പിന്നാലെയാണ് ഹമാസ് നേതാക്കളെ ഖത്തര്‍ സ്വീകരിച്ചതെന്ന് റിപോര്‍ട്ട് പറയുന്നു.
തൂഫാനുല്‍ അഖ്‌സക്ക് ശേഷം നൂറിലധികം ഇസ്രായേലി തടവുകാരെ വിട്ടുനല്‍കാന്‍ ഖത്തറിലെ ചര്‍ച്ചകള്‍ സഹായിച്ചുവെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. എന്നാല്‍, ഗസയില്‍ നിന്ന് ഇസ്രായേലി സൈന്യം പിന്‍മാറാതെ ഇനി ആരെയും വിടില്ലെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സഖ്യകക്ഷികളായ രാജ്യങ്ങളൊന്നും ഹമാസിന് സ്ഥാനം നല്‍കരുതെന്നാണ് അമേരിക്കയുടെ നിലപാട്.
ഗസയില്‍ തടവിലുള്ള ഇസ്രായേലികളുടെ മോചനക്കാര്യം അടുത്തിടെ ഈജിപ്റ്റിലെ കെയ്‌റോവില്‍ നടന്ന ചര്‍ച്ചകളിലും ഉയര്‍ന്നുവന്നിരുന്നു. അതും പരാജയപ്പെട്ടതോടെയാണ് അമേരിക്ക ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് റിപോര്‍ട്ട് പറയുന്നു. ഖത്തര്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ തുര്‍ക്കിയില്‍ ഹമാസ് പുതിയ ഓഫിസ് തുറക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. അടുത്തിടെ ഹമാസ് നേതാക്കള്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ഇത് ഓഫിസ് തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണെന്നാണ് സൂചന. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് ഇക്കാര്യത്തില്‍ വിയോജിപ്പില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. തുര്‍ക്കിക്ക് പുറമെ ഇറാന്‍, അള്‍ജീരിയ, മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങളും ഹമാസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപോര്‍ട്ട് പറയുന്നത്.