യുഎസ് നിര്‍മിത മിസൈലുകള്‍ കൊണ്ട് ആക്രമണം; കനത്ത തിരിച്ചടിയുണ്ടാവുമെന്ന് റഷ്യ
മോസ്‌കോ: യുഎസ് നിര്‍മിത മിസൈലുകള്‍ കൊണ്ട് റഷ്യയുടെ ഉള്‍പ്രദേശങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ച യുക്രൈയ്‌നെതിരേ കനത്ത ആക്രമണം നടത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് യുഎസ് നിര്‍മിത എടിഎസിഎംഎസ് മിസൈലുകള്‍ ബെല്‍ഗൊറോഡ് പ്രദേശത്തേക്കാണ് യുക്രൈയ്ന്‍ അയച്ചത്. ഇവയെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വായുവില്‍ വച്ചു തന്നെ തകര്‍ത്തു.
മാരകപ്രഹര ശേഷിയുള്ള എടിഎസിഎംഎസ് മിസൈലുകള്‍ നേരത്തെ തന്നെ യുക്രൈയ്‌ന് യുഎസ് നല്‍കിയിരുന്നു. എന്നാല്‍, റഷ്യയുടെ ഉള്‍പ്രദേശങ്ങള്‍ ആക്രമിക്കാന്‍ ഇവ ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇതിന് അനുമതി നല്‍കിയത്. യുഎസും നാറ്റോയും നല്‍കുന്ന ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്കെതിരേ ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈയ്ന്‍ തലസ്ഥാനമായ കീവ് ഹൈപ്പര്‍സോണിക് ബലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ഇല്ലാതാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ നേരത്തെ പറഞ്ഞിരുന്നു.
മുമ്പ് ഒരു തവണ യുക്രൈയ്ന്‍ ഈ മിസൈല്‍ റഷ്യക്കുള്ളിലേക്ക് വിട്ടപ്പോള്‍ ആണവായുധം ഉപയോഗിക്കാന്‍ റഷ്യ തീരുമാനിച്ചുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ചൈനയുടെ ഉപദേശം സ്വീകരിച്ച് സാധാരണ യുദ്ധരീതികളിലേക്ക് മടങ്ങുകയായിരുന്നു.