ഖത്തറിന് മധുരപ്രതികാരം; സൗദിക്കെതിരേ രണ്ടു ഗോള്‍ ജയം (Watch Video)
ഉപരോധത്തില്‍ പങ്കാളിയായ യുഎഇയുടെ തലസ്ഥാനത്ത് നടന്ന മല്‍സരത്തിലാണ് ഗംഭീര വിജയം നേടാനായത് എന്നത് ഖത്തറിനെ സംബന്ധിച്ചിടത്തോളം മധുരപ്രതികാരമായി മാറി.
ദുബയ്: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു. 2017 ജൂണില്‍ സൗദി അറേബ്യ ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്തിയ ശേഷം ഇരു ടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.
ഉപരോധത്തില്‍ പങ്കാളിയായ യുഎഇയുടെ തലസ്ഥാനത്ത് നടന്ന മല്‍സരത്തിലാണ് ഗംഭീര വിജയം നേടാനായത് എന്നത് ഖത്തറിനെ സംബന്ധിച്ചിടത്തോളം മധുരപ്രതികാരമായി മാറി. ഗ്രൂപ്പ് ഇയിലെ വിജയികളെ കണ്ടെത്താന്‍ നടന്ന വ്യാഴാഴ്ചത്തെ മല്‍സരത്തെ ബ്ലോക്കേഡ് ഡര്‍ബി എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
അല്‍മോസ് അലിയാണ് ഖത്തറിന് വേണ്ടി അക്കൗണ്ട് തുറന്നത്. ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് വലതുകാല്‍ കൊണ്ട് തൊടുത്തുവിട്ട ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് താഴ്ന്നു പതിച്ചു. രണ്ടാമത്തെ ഗോളും അല്‍മോസ് അലിയുടെ വക തന്നെയായിരുന്നു. അബ്ദുല്‍ അസീസ് ഹാത്തിം നല്‍കിയ മനോഹരമായ ക്രോസിന് പോസ്റ്റിന് തൊട്ടടുത്ത് നിന്ന് അല്‍മോസിന് തലവച്ചുകൊടുക്കുകയേ വേണ്ടിവന്നുള്ളു.
22കാരനായ അല്‍മോസ് ടൂര്‍ണമെന്റില്‍ നേരത്തേ അഞ്ച് ഗോളുകള്‍ നേടിയിരുന്നു. 2000ന് ശേഷം ഗ്രൂപ്പ് സ്റ്റേജില്‍ ഏഴ് ഗോളുകള്‍ നേടുന്ന ആദ്യ താരമായി ഇതോടെ അല്‍മോസ്. കോച്ച് ഫെലിക്‌സ് സാഞ്ചസിന്റെ കീഴില്‍ ബൂട്ട് കെട്ടിയ മറൂണുകള്‍ ഇതിനകം നോര്‍ത്ത് കൊറിയയെും ലബ്‌നാനെയും തകര്‍ത്ത് തങ്ങളുടെ കരുത്ത് തെളിയിച്ചു കഴിഞ്ഞു.
അവസാന 16ല്‍ ചൊവ്വാഴ്ച്ച ഖത്തര്‍ ഇറാഖിനെ നേരിടും. അതേ സമയം, ഗ്രൂപ്പ് ഇയില്‍ റണ്ണേഴ്‌സ് അപ്പായ സൗദി അറേബ്യ തിങ്കളാഴ്ച്ച ജപ്പാനോട് ഏറ്റുമുട്ടും.
കരയിലും കടലിലും ആകാശത്തും ഉപരോധം നേരിടുന്നതിനാല്‍ ഖത്തര്‍ ഫാന്‍സിന് തങ്ങളുടെ ടീമിനെ പിന്തുണക്കാന്‍ യുഎഇയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ ഗാലറിയില്‍ സ്വന്തം നാട്ടുകാരുടെ ആരവമില്ലാതെ നേടിയ ഈ വിജയം ഖത്തറിന് ഇരട്ടി മധുരം നല്‍കുന്നു.
ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് 2016 ജൂണിലാണ് സൗദി, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.