
ദമസ്‌കസ്: ഖത്തര്‍ ഭരണാധികാരി ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സിറിയയില്‍ എത്തി. കഴിഞ്ഞ ദിവസം സിറിയയുടെ പ്രസിഡന്റായി ചുമതലയേറ്റ അബു മുഹമ്മദ് അല്‍ ജൂലാനി എന്ന അഹമദ് അല്‍ ശറ ഖത്തര്‍ അമീറിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബഷീര്‍, വിദേശകാര്യമന്ത്രി അസദ് അല്‍ ശൈബാനി, പ്രതിരോധമന്ത്രി മുര്‍ഹഫ് അബു ഖസ്‌റ എന്നിവര്‍ അനുഗമിച്ചു. 2024 ഡിസംബറില്‍ ബശ്ശാറുല്‍ അസദ് അധികാരത്തില്‍ നിന്നു പുറത്തായ ശേഷം ഒരു അറബ് രാജ്യത്തിന്റെ നേതാവ് ആദ്യമായാണ് സിറിയയില്‍ എത്തുന്നത്. സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ ഖത്തര്‍ വലിയ പങ്കുവഹിക്കുമെന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
സിറിയന്‍ സര്‍ക്കാരില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം നല്‍കാന്‍ പറഞ്ഞതായി ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. അത്തരമൊരു ഭരണകൂടത്തിന് മാത്രമേ സിറിയയില്‍ സ്ഥിരത ഉറപ്പുവരുത്താനും പുനര്‍നിര്‍മാണം നടത്താനും സാധിക്കൂയെന്നും ഖത്തര്‍ സിറിയയെ അറിയിച്ചു.