പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ്: സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം-പോപുലര്‍ ഫ്രണ്ട്

Update: 2020-05-27 10:13 GMT

കോഴിക്കോട്: പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ് പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് ദുരന്തത്തിന്റെ ഫലമായി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ നിര്‍ബന്ധിതരാവുന്ന പ്രവാസി സമൂഹത്തെ രണ്ടാംകിട പൗരന്‍മാരായി കാണുന്നതിന് തുല്യമാണിത്. ഈ സമീപനം തിരുത്തി, ക്വാറന്റൈന്‍ ചെലവുകള്‍ പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    നാട്ടിലേക്ക് മടങ്ങിയെത്തുന്ന രണ്ടരലക്ഷം പ്രവാസികളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇതിനുള്ള ചെലവ് സമ്പൂര്‍ണമായി സൗജന്യമാണെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രഖ്യാപിക്കുകയും ഇതിനെ സര്‍ക്കാരിന്റെ തുല്യതയില്ലാത്ത കരുതലിന്റെ ഉദാഹരണമായി കൊണ്ടാടുകയും ചെയ്തിട്ടുള്ളതാണ്. കൊവിഡ് പ്രതിരോധത്തിന്റെ രണ്ടാംഘട്ടത്തില്‍ പ്രവാസികളുടെ മടങ്ങിവരവ് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ പിരിച്ചത്. എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് അംഗീകരിക്കാനാവില്ല. കൊവിഡ് പ്രതിരോധത്തിന്റെ അദ്യഘട്ടം സംസ്ഥാനം കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചപ്പോള്‍, അത് ഭരണരംഗത്തെ അസാധാരണ മികവായാണ് സര്‍ക്കാരും സിപിഎമ്മും പ്രചരിപ്പിച്ചത്. സാമൂഹികരംഗത്ത് ഇക്കാലത്തിനിടയില്‍ കേരളം കൈവരിച്ച എല്ലാ മുന്നേറ്റങ്ങളെയും അവഗണിച്ചുകൊണ്ടുള്ള പ്രചാരണമാണ് സര്‍ക്കാര്‍ ചെലവില്‍ അരങ്ങേറിയത്. എന്നാല്‍, യഥാര്‍ഥ ഭരണമികവും ഇച്ഛാശക്തിയും പ്രകടിപ്പിക്കേണ്ട അസാധാരണ സാഹചര്യം ഇപ്പോഴാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ പ്രവാസികളുടെ മുന്നില്‍ കൈമലര്‍ത്തി കാണിക്കുക വഴി, സര്‍ക്കാരിന്റെ പിടിപ്പുകേടും അവകാശവാദങ്ങളുടെ പൊള്ളത്തരവുമാണ് വ്യക്തമാവുന്നത്.

    പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിന് സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്നതടക്കമുള്ള തുറന്ന സമീപനമാണ് വിവിധ സാമൂഹിക, സാമുദായിക സംഘടനകള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം സന്നദ്ധ, സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സാമ്പത്തിക പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിനു കഴിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രവാസികള്‍ അടക്കമുള്ളവര്‍ക്കു കൂടി അവകാശപ്പെട്ടതാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തയ്യാറായ സര്‍ക്കാര്‍ ഭരണരംഗത്തെ ധൂര്‍ത്തും അനാവശ്യച്ചെലവുകളും ഒഴിവാക്കാന്‍ കൂടി തയ്യാറാവണം. ഭരണനേട്ടം കൈവിട്ടുപോവാതിരിക്കാന്‍ വേണ്ടി കാട്ടുന്ന അനാവശ്യ പിടിവാശികളും സങ്കുചിതത്വവും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്തെ മുഴുവന്‍ സാമൂഹിക, രാഷ്ട്രീയ സംവിധാനങ്ങളെയും വിശ്വാസത്തിലെടുത്ത് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ വിഷയത്തില്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം, ശക്തമായ പ്രതിഷേധപരിപാടികളുമായി പോപുലര്‍ ഫ്രണ്ട് രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News