കണ്ണൂര്‍: വിദേശത്തുനിന്ന് എത്തിയവരുടെ നിരീക്ഷണ കാലാവധി ഏപ്രില്‍ ഏഴിന് അവസാനിക്കുമെന്ന രീതിയിലുള്ള വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. മാര്‍ച്ച് 12, 31 തിയ്യതികളില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് വിദേശയാത്ര കഴിഞ്ഞ് വരുന്നവരുടെ ക്വാറന്റൈന്‍ കാലാവധി നിശ്ചയിക്കുന്നത്. ഇതുപ്രകാരം ഒരു വ്യക്തി കൊവിഡ് 19 ബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ സ്വഭാവമനുസരിച്ചാണ് അയാളുടെ ക്വാറന്റൈന്‍ കാലാവധി 14 ദിവസമാണോ 28 ദിവസമാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. ഇത് ഒരു അപകടം കുറഞ്ഞ(ലോ റിസ്‌ക്) സമ്പര്‍ക്കമാണെങ്കില്‍ 14 ദിവസവും അപകടം കൂടിയ(ഹൈ റിസ്‌ക്) സമ്പര്‍ക്കമാണെങ്കില്‍ 28 ദിവസവും ആയിരിക്കും നിരീക്ഷണ കാലാവധി. നിരീക്ഷണത്തിലിരിക്കെ ലോ റിസ്‌കായ വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ക്വാറന്റൈന്‍ കാലാവധി നീളും.
നിലവില്‍ ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് 19 പോസിറ്റീവ് കേസുകളെല്ലാം വിമാനയാത്ര കഴിഞ്ഞു വന്നവരാണ്. വിമാനങ്ങളില്‍ ഇവരുമായിഹൈ റിസ്‌ക് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മറ്റു വ്യക്തികള്‍, കുടുംബാംഗങ്ങള്‍, മറ്റു പരിചയക്കാര്‍ എന്നിവരുടെയെല്ലാം ക്വാറന്റൈന്‍ കാലാവധി 28 ദിവസമായിരിക്കും. കൊവിഡ് 19 മായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ജില്ലാ കണ്‍ട്രോള്‍ സെല്‍ നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 04972713437, 2700194.