ഹലാല്‍ മറവിലെ വംശീയ അധിക്ഷേപം: മുഖ്യമന്ത്രിയുടെ അനാസ്ഥ അവസാനിപ്പിക്കണം- ഉലമ സംയുക്ത സമിതി
ഒരു സമുദായത്തിനെതിരേ നാര്‍കോട്ടിക് ജിഹാദ്, ലൗജിഹാദ്, ഹലാല്‍ ജിഹാദ് പോലുള്ള വംശീയ കുപ്രചാരണങ്ങള്‍ സംഘപരിവാര്‍ നിരന്തരം അഴിച്ചുവിടുമ്പോള്‍ മൗനം പാലിക്കാറുള്ള മുഖ്യമന്ത്രി മതേതരകേരളത്തിന് ഭാരമായി മാറുകയാണ്.
തിരുവനന്തപുരം: മുസ്‌ലിം ഹോട്ടലുകളില്‍ മുസ്‌ലിംകള്‍ ഭക്ഷണം വിതരണം ചെയ്യുന്നത് അതില്‍ തുപ്പി ഹലാലാക്കിക്കൊണ്ടാണെന്നും ആയതിനാല്‍ മുസ്‌ലിം ഹോട്ടലുകളില്‍ നിന്ന് ഹിന്ദുക്കള്‍ ഭക്ഷണം കഴിക്കരുതെന്നുമുള്ള തരത്തിലെ വംശീയ അധിക്ഷേപം, മുസ്‌ലിംവിരോധം വളര്‍ത്തി മുതലെടുപ്പു നടത്താനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് സംഘ പരിവാറിന്റെ വംശീയ അജണ്ടയെ പ്രോത്സാഹിപ്പിക്കലാണെന്നും ഉലമ സംയുക്ത സമിതി യോഗം അഭിപ്രായപ്പെട്ടു.
ഒരു സമുദായത്തിനെതിരേ നാര്‍കോട്ടിക് ജിഹാദ്, ലൗജിഹാദ്, ഹലാല്‍ ജിഹാദ് പോലുള്ള വംശീയ കുപ്രചാരണങ്ങള്‍ സംഘപരിവാര്‍ നിരന്തരം അഴിച്ചുവിടുമ്പോള്‍ മൗനം പാലിക്കാറുള്ള മുഖ്യമന്ത്രി മതേതരകേരളത്തിന് ഭാരമായി മാറുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മതവിശ്വാസികള്‍ കാലങ്ങളായി കാത്തു സൂക്ഷിച്ചു പോരുന്ന പരസ്പര സൗഹാര്‍ദ്ദവും വിശ്വാസ്യതയും തകര്‍ത്ത് മുസ്‌ലിം വിരുദ്ധ വംശീയ ഉന്മൂലന പ്രക്രിയ എളുപ്പത്തില്‍ സാധിച്ചെടുക്കാനുള്ള സംഘപരിവാറിന്റെ ഗൂഢമായ ശ്രമങ്ങളാണ് നിരന്തരമുള്ള വംശീയ അധിക്ഷേപ ശ്രമങ്ങള്‍ക്കു പിന്നിലുള്ളത്. ഗുരുതരമായ ഇത്തരം കുറ്റകൃത്യങ്ങള്‍ മുളയിലേ നുള്ളുകയും സമാധാനലംഘകരെ നിലയ്ക്ക് നിര്‍ത്തുകയുമാണ് ഒരു ഭരണകൂടം ചെയ്യേണ്ടത്.
എന്നാല്‍, മുഖ്യമന്ത്രിയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പും ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ച അക്ഷന്തവ്യമായ തെറ്റാണ്.ഗവണ്‍മെന്റ് അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ പോലും നാടിനെ അതിന്റെ തനതായ രൂപത്തില്‍ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. അതിനാല്‍, വസ്തുതകള്‍ക്കോ സമാന്യ മര്യാദകള്‍ക്കോ നിരക്കാത്ത പെരും നുണകള്‍ പടച്ചുവിട്ട് സഹോദരങ്ങളെ തമ്മില്‍ ശത്രുക്കളാക്കി മുതലെടുപ്പ് നടത്തുന്ന ആര്‍ എസ് എസ് ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ മതവിഭാഗങ്ങളും അധ്യക്ഷന്മാരും മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
മനുഷ്യ സംസ്‌കാരത്തിനും ആരോഗ്യത്തിനും അനുയോജ്യമായ ഭക്ഷ്യപദാര്‍ഥങ്ങളെയും ഉപഭോഗവസ്തുക്കളെയും ഇസ്ലാമിക സാങ്കേതിക പദാവലിയില്‍ പരിമിതമായ അര്‍ഥത്തില്‍ പ്രയോഗിക്കുന്ന പദമാണ് ഹലാല്‍ എന്നത്.
വില്പനവസ്തു ഉപയോഗപ്രദമാവണമെന്ന പോലെ വില്പനക്കാരനും ഉപഭോക്താവും തമ്മിലെ ഇടപാടും പരസ്പരതൃപ്തിയില്‍ അധിഷ്ഠിതമാവണം. അപ്പോഴാണ് ഏതൊരു ഇടപാടും ഹലാലാവുന്നത്. അഥവാ ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാവുന്നത്. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ഹലാല്‍ എന്ന സംജ്ഞ വൃത്തിയും ഭക്ഷ്യയോഗ്യതയും ആരോഗ്യവും സംസ്‌കാരവും മര്യാദയും ഉറപ്പുവരുത്തുന്നതിനുള്ള ഉപാധിയാണ്.
മനുഷ്യര്‍ക്ക് പരമോന്നത സംസ്‌കാരവും സൗഹാര്‍ദവും ആരോഗ്യകരമായ വളര്‍ച്ചയും പുരോഗതിയും ഉറപ്പു വരുത്തുന്ന ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വെറുപ്പു വളര്‍ത്തി അപരവല്‍ക്കരിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയുടെ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സമുദായമൊന്നടങ്കം സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ എസ് അര്‍ഷദ് അല്‍ ഖാസിമി കല്ലമ്പലം,അബ്ദുശ്ശകൂര്‍ അല്‍ ഖാസിമി, വി. എച്ച് അലിയാര്‍ മൗലവി, കരമന അശ്‌റഫ് മൗലവി, ഷംസുദ്ദീന്‍ മന്നാനി ഇലവു പാലം,
പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, സാലിഹ് നിസാമി പുതുപൊന്നാനി, പാനിപ്ര ഇബ്‌റാഹീം മൗലവി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, ഖാലിദ് മൂസാ നദ് വി, നവാസ് മന്നാനി, വി എം ഫതഹുദ്ദീന്‍ റഷാദി, ഷിഫാര്‍ കൗസരി, ഫിറോസ് ഖാന്‍ ബാഖവി, അര്‍ഷദ് മുഹമ്മദ് നദ്‌വി, അബ്ബാസ് മൗലവി, സൈനുദ്ദീന്‍ ബാഖവി, നുജുമുദ്ദീന്‍ മൗലവി, ലുത്ഫുല്ലാ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.