സ്‌കൂളില്‍ റാഗിങിന്റെ മറവില്‍ ക്രൂരമര്‍ദ്ദനം; വിദ്യാര്‍ഥികള്‍ക്കെതിരേ ജാമ്യമില്ലാ കേസ്(വീഡിയോ)
Full View
കാഞ്ഞങ്ങാട്: സ്‌കൂളില്‍ റാഗിങിന്റെ മറവില്‍ ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ട വിദ്യാര്‍ഥികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരേയാണ് ഐപിസി 143, 147, 323, 324, 149, കേരള പ്രൊഹിബിഷന്‍ ഓഫ് റാഗിങ് ആക്റ്റ്-1998-ല വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ രീതിയില്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി കാമറയില്‍ നിന്നു പോലിസ് കണ്ടെടുത്തു. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഷൂസ് ധരിക്കരുത്, താടി വളര്‍ത്തരുത്, ഷര്‍ട്ട് ഇന്‍സൈഡ് ചെയ്യരുത്, പെണ്‍കുട്ടികളോട് സംസാരിക്കരുത്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാത്രമേ മുടി വെട്ടാന്‍ പാടുള്ളു, ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ പണം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നല്‍കണം തുടങ്ങിയ രീതികളാണ് റാഗിങ്ങിന്റെ മറവില്‍ നടത്തിയത്. എന്നാല്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ് യൂനിഫോമിലെത്തിയ കുട്ടികളെ ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളുടെ മുന്നില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുമ്പ് ദണ്ഡ്, മുളവടി, കസേര, മുളക്‌പൊടി, കോമ്പസ്, മേശ എന്നിവ ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളാണു കാമറയില്‍ പതിഞ്ഞിട്ടുള്ളത്. മര്‍ദ്ദനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥി ബാവാ നഗറിലെ മുബഷിറിന്റെ രക്ഷിതാക്കള്‍ പരാതി നല്‍കി. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ 26 പേര്‍ക്കും മുബഷിറിന്റെ പരാതിയില്‍ 12 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുമെതിരേയാണ് കേസെടുത്തത്. ഇവരെ ഈ വര്‍ഷത്തെ പരീക്ഷയില്‍ നിന്നു പ്രതികളെ നീക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കുകയും ചെയ്തു. റാഗിങ് കേസ് നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് നിയമപ്രകരം പരീക്ഷ എഴുതാനാവില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.അതേസമയം, കേസൊതുക്കാന്‍ മുബഷിറിന് വന്‍ തുക വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. എന്നാല്‍, സ്‌കൂളില്‍ നടന്ന പിടിഎ യോഗത്തില്‍ പ്രതികളോട് വിട്ടുവീഴ്ച വേണ്ടെന്നും കേസുമായി മുന്നോട്ടുപോവണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.