രാഹുല്‍ ഗാന്ധി ഇ ഡിക്ക് മുന്നില്‍ ഹാജരായി;വന്‍ പ്രതിഷേധം,പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു

ചോദ്യംചെയ്യല്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

Update: 2022-06-13 06:51 GMT

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി എംപി ഇ ഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. കാല്‍നടയായാണ് രാഹുല്‍ ഇ ഡി ഓഫിസിലെത്തിയത്.പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നൂറു കണക്കിന് നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.ഇന്ന് രാവിലെ മുതല്‍ ഡല്‍ഹി പോലിസ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

ചോദ്യംചെയ്യല്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്.പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. കെ സി വേണുഗോപാല്‍, പി ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇ ഡി ഓഫിസിന് മുന്നിലെത്തിയത്. എന്നാല്‍ അവരെ ബാരിക്കേടുമായി പോലിസ് തടഞ്ഞു. പോലിസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വലിയ രീതിയിലുള്ള തര്‍ക്കങ്ങള്‍ നടന്നു. രാഹുല്‍ ഗാന്ധി എത്ര സമയം ഇ ഡി ഓഫിസില്‍ തുടരുന്നോ അത്ര സമയം പ്രവര്‍ത്തകരും പുറത്ത് പ്രതിഷേധവുമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഇ ഡി ഓഫിസിലേക്ക് റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.ഈ വിഷയത്തിലാണ് രാഹുലിനെ ഇന്ന് ഇ ഡി ചോദ്യംചെയ്യുന്നത്.

Tags:    

Similar News