പ്രതിഷേധമാര്‍ച്ചിനൊടുവില്‍ രാഹുല്‍ ഗാന്ധി ഇഡി ഓഫിസില്‍; പിന്തുണയുമായി പ്രിയങ്കയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും

സഹോദരിയും പാര്‍ട്ടി നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Update: 2022-06-13 06:51 GMT

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോലിസ് വിലക്ക് ലംഘിച്ച് കാല്‍നടയായി ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരായി. സഹോദരിയും പാര്‍ട്ടി നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ഇഡി ഓഫിസിലെത്തിയത്.

പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഇഡി ഓഫിസിനു മുന്നിലെത്തി. പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. കെ.സി വേണുഗോപാലിനെ പോലിസ് കൈയേറ്റം ചെയ്തു. കൈയേറ്റത്തിനിരയായ കെ സി വേണുഗോപാല്‍ കുഴഞ്ഞുവീണു. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, അശോക് ഗെഹ്ലോട്, മുകുള്‍ വാസ്‌നിക് എന്നിവരെയും അറസ്റ്റ് ചെയ്തു നീക്കി.

ഇഡി ഓഫിസിനു മുന്നിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് കണ്ട് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. എഐസിസി ആസ്ഥാനവും പോലിസ് വലയത്തിലാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും ഇ.ഡി ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

പ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ ദില്ലി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇഡി ആസ്ഥാനത്തിന് മുന്നിലും വലിയ പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, ഇതിനിടെ ഇഡി ഓഫിസിന് മുന്നിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ പിടിച്ച് തള്ളി പോലിസ്. പോലിസും എംപിയും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

Tags:    

Similar News