രാഹുല്‍ മൂന്നാം ദിനവും ഇ ഡിക്ക് മുന്നില്‍:എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം;മര്‍ദനമേറ്റ് ജെബി മേത്തര്‍ എംപി കുഴഞ്ഞുവീണു

രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും അറസ്റ്റിലായിരുന്നു

Update: 2022-06-15 06:45 GMT

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി എംപിയെ തുടര്‍ച്ചയായ മൂന്നാം ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും ഡല്‍ഹി എഐസിസി ആസ്ഥാനത്ത് പ്രതിഷേധം.ഇ ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം ഡല്‍ഹി പോലിസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.

നേതാക്കളെ ഡല്‍ഹി പോലിസ് മര്‍ദിച്ചു. പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ് ജെബി മേത്തര്‍ എംപി കുഴഞ്ഞുവീണു.ജെബി മേത്തര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലിസ് വാഹനത്തില്‍ കയറ്റിയത്.വളരെ സമാധാനപരമായി നടത്തിയ മാര്‍ച്ചില്‍ പോലിസാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തര്‍ എംപി പറഞ്ഞു.ഒരു എംപിയാണെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ മര്‍ദിച്ചതെന്ന ജെബി മേത്തര്‍ പറഞ്ഞു.

'പോലിസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു, സംസാരിക്കാന്‍ പോലും കഴിയുന്നില്ല. വനിതാ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയെ ഉള്‍പ്പടെ വളരെ മോശമായാണ് പോലിസ് കൈകാര്യം ചെയ്തത്. ശക്തമായ പ്രതിഷേധം ഇനിയും സംഘടിപ്പിക്കും. ഇവിടത്തെ ജയിലുകള്‍ കോണ്‍ഗ്രസുകാരെക്കൊണ്ട് നിറയും.രാഹുല്‍ ഗാന്ധിക്ക് വേണ്ടി നിലകൊള്ളുന്നവരെ വാശിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്' ജെബി മേത്തര്‍ വ്യക്തമാക്കി.

രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും അറസ്റ്റിലായിരുന്നു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലില്‍ യങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലില്‍ നിന്ന് ലഭിച്ചില്ലെന്നാണ് ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 20 മണിക്കൂറോളമാണ് രാഹുലിനെ ഇ ഡി ചോദ്യം ചെയ്തത്.അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍ തുടങ്ങുന്നതിനു മുമ്പേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദീകരണം രാഹുല്‍ എഴുതി നല്‍കിയിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.ഈ വിഷയത്തിലാണ് രാഹുലിനെ ഇ ഡി ചോദ്യംചെയ്യുന്നത്.

Tags:    

Similar News