ഷോണ്‍ ജോര്‍ജിന്റെ വീട്ടിലെ റെയ്ഡ്; മൊബൈലുകളും മെമ്മറി കാര്‍ഡുകളും ടാബും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു
കോട്ടയം: പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലെ ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി. മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് മെമ്മറി കാര്‍ഡുകളും രണ്ട് ടാബും റെയ്ഡില്‍ പിടിച്ചെടുത്തു. നടയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്‍ ദിലീപിനെ അനുകൂലിക്കുന്ന വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിനെതിരേ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ്. പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കിയെന്നായിരുന്നു ആരോപണം.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗൂഢാലോചന നടന്നെന്ന് വരുത്തിത്തീര്‍ക്കാനുണ്ടാക്കിയതായിരുന്നു വ്യാജ വാട്‌സ് ആപ്പ് ചാറ്റ്. ഇതെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും വധഗൂഢാലോചനാ കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിരുന്നു റെയ്ഡ്. അതേസമയം, ദിലീപിന് ദോഷകരമായി വന്ന ചാറ്റുകള്‍ അയച്ചുനല്‍കിയിരുന്നെന്നും എന്നാല്‍ ആ സ്‌ക്രീന്‍ഷോട്ടുകള്‍ നിര്‍മിച്ചത് താനല്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
രാവിലെ ഏഴര മുതല്‍ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളിക്കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പ്രമോദ് രാമന്‍, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ് കുമാര്‍ തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്‌സ് ആപ്പ് ചാറ്റുകള്‍ നിര്‍മിച്ചത്. 'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു ഗ്രൂപ്പ്. എന്നാല്‍, ഈ കേസില്‍ പോലിസ് അന്വേഷിക്കുന്ന ഫോണ്‍ നഷ്ടപ്പെട്ടതായി 2019 ല്‍ തന്നെ പരാതി നല്‍കിയിരുന്നതായി പി സി ജോര്‍ജ് പറഞ്ഞു.
ഇന്ന് രാവിലെ 7:15ന് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനായി ഈരാറ്റുപേട്ടയിലെ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കിടെ വീട്ടിലെ ടാബ് കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തെ പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും എതിര്‍ത്തു. പ്രമുഖരുടെ പേരിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചത് ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈജു കൊട്ടാരക്കരയുടെ പരാതയില്‍ വ്യാജരേഖ നിര്‍മിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അന്വേഷണം.