ട്രെയിനില്‍ 11കാരിയെ പീഡിപ്പിച്ചെന്ന്; റെയില്‍വേ ജീവനക്കാരനെ യാത്രക്കാര്‍ തല്ലിക്കൊന്നു

Update: 2024-09-13 14:33 GMT

ന്യൂഡല്‍ഹി: ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് റെയില്‍വേ ജീവനക്കാരനെ യാത്രക്കാര്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലേക്കുള്ള ട്രെയിനിലാണ് സംഭവം. ഗ്രൂപ്പ് ഡി റെയില്‍വേ ജീവനക്കാരനായ പ്രശാന്ത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഒന്നര മണിക്കൂറോളം മര്‍ദ്ദനമേറ്റിരുന്നതായാണ് റിപോര്‍ട്ട്. ബുധനാഴ്ച ബിഹാറിലെ ബറൗണിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ഹംസഫര്‍ എക്‌സ്പ്രസിലാണ് സംഭവം. സിവാനില്‍ നിന്നുള്ള ഒരു കുടുംബം രാത്രി 11.30 ഓടെയാണ് ട്രെയിനില്‍ കയറിയത്. ഗ്രൂപ്പ് ഡി റെയില്‍വേ ജീവനക്കാരനായ പ്രശാന്ത് കുമാര്‍ കുടുംബത്തിലെ 11 വയസ്സുകാരിയെ തന്റെ സീറ്റില്‍ ഇരുത്തി. പെണ്‍കുട്ടിയുടെ മാതാവ് ശുചിമുറിയില്‍ പോയപ്പോള്‍ കുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മാതാവ് പുറത്തിറങ്ങിയ ഉടന്‍ പെണ്‍കുട്ടി ഓടിയെത്തി മാതാവിനെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. വാഷ്‌റൂമില്‍ കൊണ്ടുപോയി സംഭവം പറഞ്ഞു. തുടര്‍ന്ന് ട്രെയിനിലെ എം1 (എസി ത്രീ ടയര്‍ ഇക്കോണമി) കോച്ചിലെ ഭര്‍ത്താവിനെയും അമ്മായിയപ്പനെയും മറ്റ് യാത്രക്കാരെയും മാതാവ് വിവരം അറിയിച്ചു.

    ട്രെയിന്‍ ലഖ്‌നോവിലെ ഐഷ്ബാഗ് ജങ്ഷനില്‍ എത്തിയപ്പോള്‍ രോഷാകുലരായ യാത്രക്കാരും കുടുംബാംഗങ്ങളും പ്രശാന്ത് കുമാറിനെ പിടികൂടി കോച്ചിന്റെ വാതിലിനടുത്തുള്ള ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ട്രെയിന്‍ കാണ്‍പൂര്‍ സെന്‍ട്രലില്‍ എത്തുന്നതുവരെ മര്‍ദ്ദിച്ചു. ഏകദേശം ഒന്നര മണിക്കൂറോളമാണ് മര്‍ദ്ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.35 ന് കാണ്‍പൂര്‍ സെന്‍ട്രലില്‍ ട്രെയിനെത്തിയപ്പോള്‍ റെയില്‍വേ പോലിസ് (ജിആര്‍പി) ഉദ്യോഗസ്ഥര്‍ കുമാറിനെ ആശുപത്രിയിത്തെച്ചെങ്കിലും മരണപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയപ്പോള്‍ കുമാറിന്റെ കുടുംബം കൊലക്കുറ്റത്തിന് പരാതി നല്‍കി.

    ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സമസ്ത്പൂര്‍ ഗ്രാമത്തിലാണ് പ്രശാന്ത് കുമാറിന്റെ കുടുംബം താമസിക്കുന്നത്. ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം അറിഞ്ഞതെന്ന് കുമാറിന്റെ അമ്മാവന്‍ പവന്‍ പറഞ്ഞു. 'പ്രശാന്ത് അത്തരത്തിലുള്ള ആളായിരുന്നില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്ന് തോന്നുന്നു. ഇത്രയും നേരം മര്‍ദ്ദിച്ചപ്പോഴും റെയില്‍വേ പോലിസില്‍ നിന്ന് ആരും തന്നെ ഉണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ട്രെയിന്‍ ഐഷ്ബാഗ് കടന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേര്‍ന്ന് പ്രതിയെ മര്‍ദിച്ചു. കാണ്‍പൂര്‍ സെന്‍ട്രലില്‍ വച്ച് പ്രതിയെ ഏല്‍പിച്ചതായി പ്രയാഗ്‌രാജ് ജിആര്‍പി പോലിസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു.

Tags:    

Similar News