വിമര്‍ശനം ശക്തമായതോടെ ട്രെയ്‌നിലെ ചൗക്കീദാര്‍ ചായക്കപ്പുകള്‍ പിന്‍വലിച്ച് റെയില്‍വേ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ചൗക്കിദാര്‍ പ്രചരണവുമായി മുന്നോട്ട് പോവുന്നതിനിടെയാണ് ട്രെയിനില്‍ ചായക്കു വേണ്ടിയുള്ള പേപ്പര്‍ കപ്പുകളില്‍ മേം ഭീ ചൗക്കീദാര്‍ എന്ന് രേഖപ്പെടുത്തിയത്.

Update: 2019-03-29 17:18 GMT

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നതോടെ രാജ്യത്തെ തീവണ്ടികളില്‍ പ്രത്യക്ഷപ്പെട്ട മേം ഭീ ചൗക്കീദാര്‍ എന്ന് രേഖപ്പെടുത്തിയ ചായക്കപ്പുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് റെയില്‍വേ മന്ത്രാലയം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ചൗക്കിദാര്‍ പ്രചരണവുമായി മുന്നോട്ട് പോവുന്നതിനിടെയാണ് ട്രെയിനില്‍ ചായക്കു വേണ്ടിയുള്ള പേപ്പര്‍ കപ്പുകളില്‍ മേം ഭീ ചൗക്കീദാര്‍ എന്ന് രേഖപ്പെടുത്തിയത്.

ശതാബ്ദി ട്രെയിനില്‍ വിറ്റ ചായക്കപ്പുകളിലായിരുന്നു ഈ പ്രചാരണം.ചായക്കപ്പിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വേ ചായക്കപ്പുകള്‍ പിന്‍വലിച്ചത്. മുന്‍പ് ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രമുള്ള റെയല്‍വേ ടിക്കറ്റുകള്‍ റെയില്‍വേ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചായക്കപ്പുകളും പിന്‍വലിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനു ശേഷവും ഇത്തരം പ്രചാരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തന്നതിനെതിരേ വിമര്‍ശനം ശക്തമായിട്ടുണ്ട്.

അതേസമയം, ചൗക്കിദാര്‍ ചായക്കപ്പുകള്‍ പിന്‍വലിച്ചെന്നും കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കിയതായും റെയില്‍വേ അറിയിച്ചു. കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കിയെന്നാണ് റെയില്‍വേ പറയുന്നത്. ചായക്കപ്പുകളിലെ പരസ്യം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്നാണ് സംഭവമുണ്ടായതെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ട് ഉടന്‍ തന്നെ ഗ്ലാസ്സുകള്‍ പിന്‍വലിച്ചെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. കരാറുകാരന് പിഴ ചുമത്തുകയും സൂപ്പര്‍വൈസര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഐആര്‍സിടിസിയുടെ അനുമതി ലഭിക്കാതെ കപ്പുകള്‍ ട്രെയിനില്‍ വിതരണം ചെയ്യാന്‍ സാധിക്കില്ലെന്നതമുലൂം പാന്‍ട്രി ചുമതലയുള്ള സൂപ്പര്‍വൈസറില്‍ നിന്ന് റെയില്‍വേ വിശദീകരണം തേടി.

Tags:    

Similar News