മഴ മുന്നറിയിപ്പ്: എന്താണീ യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ട്?
കാലവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്ന വിവിധ അലര്‍ട്ടുകളെ കുറിച്ച് ചുരുക്കി വിവരിക്കാം.
മഴ മുന്നറിയിപ്പെന്ന് കേട്ടാല്‍ നെഞ്ച് പിടക്കുന്നവരാണ് ഇന്ന് മലയാളികള്‍. ചില വാട്‌സാപ്പ് കണ്ടന്റ് ഫാക്ടറികള്‍ക്ക് ആ നെഞ്ചിടിപ്പ് കൂട്ടിക്കുന്നത് പെരുത്തിഷ്ടവുമാണ്. അത് കൊണ്ട് കാലവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്ന വിവിധ അലര്‍ട്ടുകളെ കുറിച്ച് ചുരുക്കി വിവരിക്കാം.
മഴയെ അതിന്റെ അളവനുസരിച്ച് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം 6 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
1. Very light rainfall അഥവാ വളരെ നേരിയ മഴ.
മഴ മാപിനിയില്‍ 0.1 mm മുതല്‍ 2.4 mm വരെ രേഖപെടുത്തുന്ന മഴയെയാണ് ഈ വിഭാഗത്തില്‍ പെടുത്തുന്നത്.
2. Light rainfall (ചാറ്റല്‍ മഴ)
2.5 mm മുതല്‍ 15.5 mm വരെ മഴ മാപിനിയില്‍ രേഖപ്പെടുത്തുന്ന മഴയാണിത്.
3. Moderate (മിതമായ മഴ)
15.6 mm മുതല്‍ 64.4 mm വരെ പെയ്യുന്ന മഴ
4. Heavy rainfall (ശക്തമായ മഴ)
64.5 mm മുതല്‍ 115.5 mm വരെ മഴ മാപിനിയില്‍ രേഖപ്പെടുത്തുന്ന മഴയാണ് heavy rainfall എന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍വചിക്കുന്നത്.
5. Very heavy rainfall (അതി ശക്തമായ മഴ)
115.6 mm മുതല്‍ 204.4 mm വരെ പെയ്യുന്ന മഴയാണ് very heavy rainfall കാറ്റഗറിയില്‍ വരുന്നത്.
6. Etxremely heavy rainfall അഥവാ അതിതീവ്ര മഴ
ഏറ്റവും വില്ലനായ ഈ മഴയുടെ അളവ് എന്ന് പറയുന്നത് 204.4 mm മുകളില്‍ പെയ്യുന്ന മഴയെന്നാണ്. Flash flood ഉറപ്പിക്കാവുന്ന തരത്തിലുള്ള മഴയാണിത്. കേരളത്തിലെ വെള്ളത്തില്‍ മുക്കിയ ദിവസങ്ങളില്‍ പലയിടങ്ങളിലും പെയ്തത് 300 mm മുതല്‍ 400 mm വരെ മഴയൊക്കെയായിരുന്നു.
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം
വിവിധ നിറത്തിലുള്ള അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ഭാഗം. ഇത് പ്രവചിക്കപ്പെടുന്ന മഴക്ക് അനുസരിച്ചുള്ള 'നടപടികള്‍' അഥവാ ആക്ഷന്‍സ് തീരുമാനിക്കാനുള്ളതാണ്. 4 നിറത്തിലുള്ള മഴ അലെര്‍ട്ടുകളാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കാറുള്ളത്.
പച്ച (Green) ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിലില്ല.
മഞ്ഞ (Yellow) കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെടണം. ഭയപ്പെടേണ്ട സാഹചര്യമില്ല. അപകട സാധ്യത അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്താം.
ഓറഞ്ച് (Orange) അതീവ ജാഗ്രത മുന്നറിയിപ്പ്. സുരക്ഷാ തയ്യാറെടുപ്പുകള്‍ തുടങ്ങണം. വള്‍നറബിള്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് ഉള്‍പ്പെടെ തയ്യാറാക്കി അവസാനഘട്ട തയ്യാറെടുപ്പും പൂര്‍ത്തീകരിച്ചു ഒരു ആക്ഷന് തയ്യാറായി നില്‍ക്കണം. മാറ്റി താമസിപ്പിക്കല്‍ ഉള്‍പ്പെടെ അധികൃതര്‍ ആരംഭിക്കേണ്ടതൊ അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതോ ആയ ഘട്ടം. രക്ഷാ സേനകളോട് തയ്യാറെടുക്കാന്‍ ആവശ്യപ്പെടും.
റെഡ് (Red) കര്‍ശന സുരക്ഷ നടപടി സ്വീകരിക്കേണ്ട ഘട്ടം. ആവശ്യമെങ്കില്‍ മാറി താമസിക്കാന്‍ തയ്യാറാവാത്തവരെ ഫോഴ്‌സ് ഉപയോഗിച്ച് കൊണ്ട് പോലീസിനും ഭരണകൂടത്തിനും മാറ്റാന്‍ നിര്‍ദേശം നല്‍കപ്പെടുന്ന സമയം. രക്ഷാ സേനകളെ വിന്യസിക്കും. ക്യാമ്പുകള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ വിധ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കേണ്ട അപകട സൂചനയുള്ള സമയം പുറപ്പെടുവിക്കുന്ന അലെര്‍ട് ആണിത്.
ഇതില്‍ red അലെര്‍ട് ഒഴികെയുള്ള അലെര്‍ട്ടുകളെ ഭീതിയോടെ കാണേണ്ടതില്ല. എന്നിരുന്നാലും യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കരുതലും ജാഗ്രതയും പ്രധാനമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര, സാമൂഹിക ഘടന പരിശോധിക്കുമ്പോള്‍ ചിലപ്പോള്‍ യെല്ലോ അലര്‍ട്ടും അപകടകരമായ സാഹചര്യമാവാന്‍ സാധ്യതയുണ്ട്.
കടപ്പാട്: ഫഹദ് മര്‍സൂഖ്