സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; തെക്കന്‍ ജില്ലകള്‍ പ്രളയ ഭീതിയില്‍
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ താഴ്ന്ന പല പ്രദേശങ്ങളും പ്രളയ ഭീതിയിലാണ്. ഇടുക്കിയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ താഴ്ന്ന പല പ്രദേശങ്ങളും പ്രളയ ഭീതിയിലാണ്. ഇടുക്കിയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമണ്‍ തീക്കോയി റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കോട്ടയം ഈരാറ്റുപ്പേട്ട മേഖലയിലും കനത്ത മഴയില്‍ മണ്ണിടിച്ചിടലുണ്ടായി. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി. ശബരിമലയിലും കനത്ത മഴയാണ്. രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കിയില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും. വടക്കന്‍ ജില്ലകളിലും വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച എറണാകുളത്ത് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറു ദിശയില്‍നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ വസ്തുക്കള്‍ ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണമെന്നും അവര്‍ അറിയിച്ചു.