ദുരഭിമാനക്കൊലയ്ക്കു വധശിക്ഷ; രാജസ്ഥാനില്‍ പുതിയ നിയമം വരുന്നു
ദമ്പതികളെ മാരകമായി മുറിവേല്‍പ്പിച്ചാല്‍ 10 വര്‍ഷം കഠിനതടവും മൂന്നുലക്ഷം വരെ പിഴയുമാണ് ബില്ലില്‍ പറയുന്നത്
ജയ്പൂര്‍: ജാതിമാറി വിവാഹിതരായവരെ കൊലപ്പെടുത്തുന്ന ദുരഭിമാനക്കൊലയ്ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തുന്ന വിധത്തില്‍ രാജസ്ഥാനില്‍ നിയമം കൊണ്ടുവരുന്നു. ദുരഭിമാനക്കൊലയ്ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ അഞ്ചുലക്ഷം രൂപ വരെ പിഴയോ നല്‍കുന്ന ദി രാജസ്ഥാന്‍ പ്രൊഹിബിഷന്‍ ഓഫ് ഇന്റര്‍ഫിയറന്‍സ് വിത്ത് ദ ഫ്രീഡം ഓഫ് മാട്രിമോണിയല്‍ അലയന്‍സ് ഇന്‍ ദ നെയിം ഓഫ് ഹോണര്‍ ആര്‍റ് ട്രഡീഷന്‍ ബില്ല്-2019 എന്ന നിയമം നിയമസഭയില്‍ പാര്‍ലിമെന്ററികാര്യ മന്ത്രി ശാന്തി ധരിവാളാണ് അവതരിപ്പിച്ചത്. ബില്ല് പ്രകാരം ജാതിയോ മതമോ സമുദായമോ മാറി വിവാഹിതരാവുന്നവരെ കുടുംബത്തിന്റെ പാരമ്പര്യത്തിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുമെന്നാരോപിച്ച് കൊലപ്പെടുത്തിയാല്‍ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് ശുപാര്‍ശ ചെയ്യുന്നത്. ജീവപര്യന്തം എന്നുവച്ചാല്‍ ബാക്കിയുള്ള കാലം മുഴുവന്‍ അഥവാ ജീവിതാന്ത്യം വരെ എന്നാണ് നിര്‍വചിച്ചിട്ടുള്ളത്. മാത്രമല്ല, അഞ്ചു ലക്ഷം രൂപ പിഴയീടാക്കും. ദമ്പതികളെ മാരകമായി മുറിവേല്‍പ്പിച്ചാല്‍ 10 വര്‍ഷം കഠിനതടവും മൂന്നുലക്ഷം വരെ പിഴയുമാണ് ബില്ലില്‍ പറയുന്നത്. ചെറിയ പരിക്കുകളാണെങ്കില്‍ അതിന്റെ തോതനുസരിച്ച് പിഴ രണ്ടുലക്ഷവും തടവ് മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുമാക്കും. സബി ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോ ജില്ലാ മജിസ്‌ട്രേറ്റിനോ ഇത്തരത്തിലുള്ള ഭീഷണി സംബന്ധിച്ച ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ പരാതിയോ അപേക്ഷയോ നല്‍കിയാല്‍ നടപടി ആവശ്യമായ സുരക്ഷ നല്‍കണം. ഏതെങ്കിലും വ്യക്തിയോ ഗ്രൂപ്പോ വിവാഹത്തെ എതിര്‍ക്കാനായി സംഘടിക്കുന്നത് തടയണം. ഇത്തരം വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് സംഘടിക്കുന്നവരെ നേരിട്ടോ അല്ലാതെയോ കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുന്നതിനും ശിക്ഷ നല്‍കും. ആറുമാസത്തില്‍ കുറയാത്തതും അഞ്ചുവര്‍ഷം വരെയും തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ഇവര്‍ക്ക് ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ജാതിമാറിയുള്ള 'സഗോത്ര' വിവാഹത്തെയും വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാവുന്നതിനെയും ചിലര്‍ സംഘങ്ങള്‍ എതിര്‍ക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് രാജസ്ഥാനില്‍ വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മാണം നടത്തുന്നത്. ഇത്തരത്തില്‍ സംഘടിക്കുന്നത് ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരം കുറ്റകരമാണെങ്കിലും ശക്തമായ നിയമനിര്‍മാണത്തിലൂടെ ഇത്തരം അക്രമങ്ങളെ തടയിടണമെന്നും നേരിടണമെന്നും മന്ത്രി പറഞ്ഞു.