കെവിന്‍ വധം ദുരഭിമാനക്കൊല തന്നെ; 10 പ്രതികള്‍ കുറ്റക്കാര്‍

താഴ്ന്ന ജാതിയില്‍പെട്ടയാളെ വിവാഹം കഴിച്ചത് കുടുംബത്തിന് ഇഷ്ടമല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവ് കെവിനെ കൊലപ്പെടുത്തിയതെന്ന് നീനു കോടതിയില്‍ വ്യക്തമാക്കിയിരുന്നു

Update: 2019-08-22 05:56 GMT

കോട്ടയം: പ്രമാദമായ കെവിന്‍ വധക്കേസ് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി കണ്ടെത്തി. കേസില്‍ 10 പേര്‍ കുറ്റക്കാരാണെന്നും ശിക്ഷ മറ്റന്നാള്‍ വിധിക്കുമെന്നും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. കേസിലെ ഒന്നുമുതല്‍ നാലുവരെയും ആറുമുതല്‍ ഒമ്പത് വരെയും 11, 12 പ്രതികള്‍ കുറ്റക്കാരാണെന്നും കണ്ടെത്തിയ കോടതി, നീനുവിന്റെ പിതാവും നാലാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെ നാലുപേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, നിയാസ് മോന്‍ എന്ന ചിന്നു, ഇഷാന്‍ ഇസ്മായില്‍, റിയാസ് ഇബ്രാഹീംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജാദ്, എന്‍ നിഷാദ്, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍, ടിറ്റു ജെറോം എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. നീനുവിന്റെ പിതാവ് ചാക്കോ, റെമീസ് ഷെരീഫ്, ഷിനു ഷാജഹാന്‍, വിഷ്ണു എന്ന അപ്പുണ്ണി എന്നിവരെയാണ് വെറുതെ വിട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് മറ്റു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകമാണെന്ന് കണ്ടെത്തിയതിനാല്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ ആഗസ്ത് 14ന് വിധി പറയാനിരുന്ന കേസില്‍ ദുരഭിമാനക്കൊല സംബന്ധിച്ച പ്രോസിക്യൂഷന്റെ അവ്യക്തതയെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ 11നു അന്തിമ വിധി പറയാന്‍ മാറ്റിവച്ചത്. താഴ്ന്ന ജാതിയില്‍പെട്ടയാളെ വിവാഹം കഴിച്ചത് കുടുംബത്തിന് ഇഷ്ടമല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവ് കെവിനെ കൊലപ്പെടുത്തിയതെന്ന് നീനു കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിതാവിനും സഹോദരനുമെതിരേ നീനു നല്‍കിയ മൊഴിയാണ് പ്രധാനമായും കോടതി സ്വീകരിച്ചത്.


    2018 മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ജോസഫ് ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് അകമ്പടി പോവണമെന്ന കാരണം പറഞ്ഞ് പോലിസ് പരാതി അവഗണിച്ചു. പിന്നീട് 2018 മെയ് 28നു പുലര്‍ച്ചെ തെന്മല ചാലിയക്കരയിലെ തോട്ടിലാണ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു വെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയടക്കം 14 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കെവിന്റെ സുഹൃത്ത് അനീഷിനെ ഷാനുവും കൂട്ടരും തല്ലിച്ചതച്ച് കലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം വഴിത്തിരിവിലായത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ നിയാസും റിയാസും പിടിയിലായതിനു പിന്നാലെ ക്വട്ടേഷന്‍ നല്‍കിയ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും അറസ്റ്റിലായത്. കെവിനെ ഓടിച്ച് ആറ്റില്‍ ചാടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കണ്ടെത്തിയിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പെട്ട കേസ് 2019 ഏപ്രില്‍ 24ന് വിചാരണ തുടങ്ങി 2019 ജൂലൈ 30നാണ് പൂര്‍ത്തിയാക്കിയത്. 113 സാക്ഷികളെ വിസ്തരിക്കുകയും 238 രേഖകളും 50ലേറെ തെളിവുകളും പരിശോധിക്കുകയും ചെയ്തിരുന്നു.

    പോലിസ് അനാസ്ഥ കാരണം ഏറെ ചര്‍ച്ചയാവുകയും എസ് ഐയെ സസ്‌പെന്റ് ചെയ്യുകയും ചെയ്ത കേസിലാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി വന്നിരിക്കുന്നത്. വിചാരണയ്ക്കിടെ അഞ്ച് സാക്ഷികള്‍ കൂറുമാറിയിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ എം എസ് ഷിബുവിനെ തിരിച്ചെടുത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് നടപടി മരവിപ്പിച്ചു. കെവിന്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ച് ബിരുദപഠനം പൂര്‍ത്തിയാക്കിയ നീനു, സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ഇപ്പോള്‍ കേരളത്തിനു പുറത്ത് എംഎസ്ഡബ്ലുവിനു പഠിക്കുകയാണ്. കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. വീട് വയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് കെവിന്റ കുടുംബം സ്ഥലം വാങ്ങിയിട്ടുണ്ട്.



Tags:    

Similar News