കെവിന്‍ വധക്കേസ്: എഎസ്‌ഐയെ പിരിച്ചുവിട്ടു; എസ്‌ഐയെ പുറത്താക്കും

ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കും. ഇദ്ദേഹത്തിന് മറുപടി നല്‍കാന്‍ 15 ദിവസം സമയം നല്‍കി.

Update: 2019-02-16 10:41 GMT

തിരുവനന്തപുരം: ഏറെ വിവാദമായ കെവിന്‍ വധക്കേസില്‍ കൃത്യവിലോപനം കാട്ടിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി തുടങ്ങി. ഗാന്ധിനഗര്‍ മുന്‍ എഎസ്‌ഐ ടി എം ബിജുവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കെവിന്‍ വധക്കേസില്‍ പ്രതിയില്‍ നിന്നും കോഴവാങ്ങി കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കും. ഇദ്ദേഹത്തിന് മറുപടി നല്‍കാന്‍ 15 ദിവസം സമയം നല്‍കി. സിപിഒ എം എന്‍ അജയ്കുമാറിന്റെ ഇന്‍ക്രിമെന്റ് 3 വര്‍ഷം തടഞ്ഞുവയ്ക്കാനും തീരുമാനമായി. ഐജി വിജയ് സാഖറെയാണ് നടപടിയെടുത്തത്.

പ്രണയവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കെവിന്‍ പി ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷനിലെ ഡ്രൈവറായിരുന്ന എം എന്‍ അജയകുമാറിന്റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. കേസിലെ മുഖ്യപ്രതി സാനുചാക്കോയില്‍ നിന്നും 2000 രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരേയുള്ള കുറ്റം. ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എഎസ്‌ഐ ടി എം ബിജുവിന്റെ അറിവോടെയെന്ന് പോലിസ് കോടതിയില്‍ പറഞ്ഞിരുന്നു.

കെവിന്‍ വധക്കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജില്ലാ പോലിസ് മേധാവി മുതല്‍ സിപിഒമാര്‍ ഉള്‍പ്പെടെ 15 പോലിസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബു, എഎസ്‌ഐ ടി എം ബിജു, റൈറ്റര്‍ സണ്ണിമോന്‍, സിപിഒ എം എന്‍ അജയകുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തായിരുന്നു നടപടികളുടെ തുടക്കം. തൊട്ടുപിന്നാലെ ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീക്ക്, കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ് എന്നിവരെ സ്ഥലംമാറ്റി. 

Tags:    

Similar News