കെവിന്‍ കൊലക്കേസ്: 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. എല്ലാവര്‍ക്കും 40,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. പ്രതികള്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍ എന്നീ വകുപ്പുകളിന്‍മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുകയില്‍നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരുലക്ഷം രൂപ നല്‍കണം.

Update: 2019-08-27 06:04 GMT

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം തടവ് വിധിച്ചു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. എല്ലാവര്‍ക്കും 40,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. പ്രതികള്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍ എന്നീ വകുപ്പുകളിന്‍മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുകയില്‍നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരുലക്ഷം രൂപ നല്‍കണം.

                            തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബാക്കി തുക കെവിന്റെ പിതാവിനും കെവിന്റെ ഭാര്യ നീനുവിനും നല്‍കാനും കോടതി നിര്‍ദേശിച്ചു. പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ അവരുടെ പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലംചെയ്ത് പണം നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നിരീക്ഷിച്ച കോടതി പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ വിധിക്കാതിരുന്നത്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും കോടതി പരിഗണിച്ചു. ഇതുകൂടാതെ 449ാം വകുപ്പ് അനുസരിച്ച് പ്രതികള്‍ അഞ്ചുവര്‍ഷം തടവുശിക്ഷ അനുഭവിക്കണം.

5,000 രൂപ വീതം പിഴയും അടയ്ക്കണം. രണ്ട്, നാല്, ഒമ്പത്, 12 പ്രതികള്‍ക്ക് ഒരുവര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. അതിലും 5,000 രൂപ പിഴ അടയ്ക്കണം. രണ്ട്, നാല്, ആറ്, ഒമ്പത്, 11, 12 പ്രതികള്‍ക്ക് 349ാം വകുപ്പനുസരിച്ച് മൂന്നുവര്‍ഷം കഠിനതടവ് അനുഭവിക്കണം. 5,000 രൂപ വീതം പിഴയുമുണ്ട്. 323ാം വകുപ്പനുസരിച്ച് എട്ട്, ഒമ്പത് പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവുണ്ട്. ഏഴാം പ്രതിക്ക്, തെളിവുനശിപ്പിച്ചതിന് ഒരുവര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്.

കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വധശിക്ഷയില്‍നിന്ന് പ്രതികളെ ഒഴിവാക്കണമെന്നാണ് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം കോടതിയില്‍ പ്രധാനമായും വാദിച്ചത്. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതികളെ അശ്രയിച്ച് കഴിയുന്ന കുടുംബമുണ്ടെന്നും ഇതെല്ലാം പരിഗണിച്ച് വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാനാവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

പക്ഷേ, കോടതി ഈ വാദം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രതിഭാഗം വധശിക്ഷയില്‍നിന്ന് ഇളവ് ലഭിക്കണമെന്ന് കോടതിയില്‍ വാദിച്ചത്. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും കോടതിയില്‍ ആവശ്യപ്പെട്ടത്. 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. റെക്കോര്‍ഡ് വേഗത്തിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്.

ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒമ്പതുപേര്‍ ജയിലിലാണ്, അഞ്ചുപേര്‍ ജാമ്യത്തിലും. 2018 മെയ് 27നാണ് പുലര്‍ച്ചെ മുഖ്യസാക്ഷിയായ അനീഷിന്റെ വീടാക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്‍മലയില്‍ ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്തെത്തിച്ചു. 28ന് രാവിലെ 11ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News