രാജസ്ഥാന്‍: രാഷ്ട്രീയ പ്രതിസന്ധിക്കിടെ എംഎല്‍എമാരുമായി 'രക്ഷാ ബന്ധന്‍' ആഘോഷിച്ച് അശോക് ഗെലോട്ട്
ജയ്‌സാല്‍മര്‍: രാജസ്ഥാനിലെ ഭരണ-രാഷ്ട്രീയ പ്രതിസന്ധിക്കിടെയും എംഎല്‍എമാര്‍ക്ക് രാഖി കെട്ടി 'രക്ഷാ ബന്ധന്‍' ആഘോഷിച്ച് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച ഫോട്ടോകളും വീഡിയോകളും പുറത്തുവിട്ടത്. നിരവധി വനിതാ എംഎല്‍എമാര്‍ ഗെലോട്ടിനെ സ്വാഗതം ചെയ്യുകയും ഓരോരുത്തരു അദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ രാഖി കെട്ടി ചെറിയ പൂജ നടത്തുകയുമാണ് ചെയ്യുന്നത്.
ചില എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി സമ്മാനം നല്‍കുന്നതായി കാണുന്നുണ്ട്. വെളുത്ത കുര്‍ത്ത ധരിച്ച അശോക് ഗെലോട്ട്, ചുവന്ന സോഫയില്‍ എംഎല്‍എമാരോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ''ഇവിടെ ജയ്‌സാല്‍മീറില്‍, വനിതാ നിയമസഭാംഗങ്ങള്‍ രക്ഷാ ബന്ധന്റെ വിശുദ്ധ ഉത്സവത്തില്‍ രാഖി കെട്ടി. ഈ ശുഭദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു,' എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നതത്. 'നമ്മുടെ എംഎല്‍എമാര്‍ക്കൊപ്പം രക്ഷാ ബന്ധന്‍ ഉല്‍സവം ആഘോഷിച്ചു എന്നും മറ്റൊരു ടിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. എന്നാല്‍, കൊവിഡ് വ്യാപനത്തിനിടയിലും മുഖ്യമന്ത്രിയോ വനിതാ എംഎല്‍എമാരോ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്നും ചിത്രങ്ങളില്‍ വ്യക്തമാവുന്നു.
30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസിലെ യുവ നേതാവായിരുന്ന സച്ചിന്‍ പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ ഭരണ-രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. എന്നാല്‍, തനിക്ക് 102 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഗെലോട്ട് പറയുന്നത്. ഇരുവിഭാഗവും തങ്ങളുടെ എംഎല്‍എമാരെ ആഡംബര റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Rajasthan Crisis Paused, Ashok Gehlot, MLAs Celebrate Raksha Bandhan